‘ഒറ്റ രാത്രികൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ചു, പോർവിമാനങ്ങൾ തകർത്തു; നമ്മൾ ലക്ഷ്യം നേടുന്നത് ലോകം കണ്ടു’
text_fieldsഎയർചീഫ് മാർഷൽ എ.പി. സിങ്
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വെടിനിർത്താൻ പാകിസ്താൻ ആവശ്യപ്പെടുകയായികുന്നുവെന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്. ഇതിനുപിന്നാലെ വന്ന നിർദേശം അനുസരിച്ചാണ് മേയ് പത്തിന് സേന ആക്രമണത്തിൽനിന്ന് പിൻവാങ്ങിയതെന്നും ദൗത്യത്തിൽ ഇന്ത്യ ലക്ഷ്യം നേടിയത് ലോകം കണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവർത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കൊണ്ടാണ് എ.പി. സിങ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേന ദിനത്തോട് അനുബന്ധിച്ചുള്ള വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും സംയുക്ത സേനാ ദൗത്യം നടത്താനുള്ള മികവും വ്യക്തമാക്കുന്നതാണ് ഓപറേഷൻ സിന്ദൂറെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. ഇന്ത്യയുടെ ലോങ് റേഞ്ച് മിസൈലുകളുടെ ശേഷിയും ഈ ദൗത്യത്തിൽ പരീക്ഷിക്കപ്പെട്ടു. പാക് അതിർത്തിയിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ ഭീകരരെ വധിക്കാനായി. കൃത്യതയാർന്ന ആക്രമണം ചരിത്രത്തിൽ ഇടംനേടും. ഒറ്റ രാത്രിയിലെ ആക്രമണത്തിലൂടെ പാകിസ്താനെ മുട്ടുകുത്തിച്ചു. ദൗത്യത്തിന്‍റെ സമയത്ത് തെറ്റായ ഒരുപാട് വാർത്തകൾ വന്നെന്നും എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ അവ ഫലപ്രദമായി കൈകാര്യം ചെയ്തു.
പാകിസ്താന്‍റെ അമേരിക്കൻ നിർമിത ഫൈറ്റർ ജെറ്റുകളായ എഫ്-16, ചൈനീസ് പോർവിമാനം ജെ-17 എന്നിവ സേന വെടിവെച്ചിട്ടു. ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടു എന്നത് പാക് ആർമിയുടെ തെറ്റായ പ്രചരണം മാത്രമാണ്. നിഷ്കളങ്കരെ കൊന്ന ഭീകരർക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. 300 കിലോമീറ്ററിലും അപ്പുറത്തെ ആക്രമണം പാകിസ്താനെ ഭയപ്പെടുത്തി. കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു അത്. പാകിസ്താന്‍റെ ഡ്രോണുകൾ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ പ്രതിരോധ സംവിധാനത്തിനായി. ഭാവിയിൽ വരാനിരിക്കുന്ന യുദ്ധം ഏറെ വ്യത്യസ്തമായിരിക്കുമെന്നും അതിനായി തയാറെടുക്കേണ്ടതുണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് മേയ് ഏഴിന് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നീക്കം നടത്തിയത്. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. നൂറിലേറെ ഭീകരരെ വധിച്ചു. പാകിസ്താൻ പ്രത്യാക്രമണം ആരംഭിച്ചതോടെ അതിർത്തിയിൽ സംഘർഷം രൂക്ഷമായി. മേയ് പത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് സമാധാനം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

