ചോരപ്പാട് തെളിവാക്കി ഇന്ത്യ; നിഷേധിച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: അതിർത്തിയിൽ രണ്ട് സൈനികരെ വധിക്കുകയും തലയറുത്ത് മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ പാകിസ്താെൻറ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് ഇന്ത്യ. എന്നാൽ ഇൗ ചെയ്തിയിലെ പങ്കാളിത്തം പാകിസ്താൻ നിഷേധിച്ചു. ഡൽഹിയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ ഇന്ത്യയുടെ അമർഷം അറിയിച്ചു. പാക് സൈന്യത്തിന് പങ്കില്ലെന്നും, തന്നെ അറിയിച്ച വികാരം പാക് ഭരണകൂടത്തോട് വിശദീകരിക്കുമെന്നുമാണ് പാക് ഹൈകമീഷണർ നൽകിയ മറുപടി.
പാക് സൈന്യം കാടത്തം കാട്ടിയതിന് വ്യക്തമായ തെളിവുണ്ടെന്നും മൃതദേഹഭാഗം അതിർത്തിക്ക് അപ്പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. കൃഷ്ണഗഡി മേഖലയിൽ റോസ നാല ലൈനിൽ കണ്ട ചോരപ്പാടുകൾ അതാണ് വ്യക്തമാക്കുന്നത്. ഇതിൽ ഉൾപ്പെട്ട പട്ടാളക്കാർക്കെതിരെ പാകിസ്താൻ നിയമനടപടി സ്വീകരിക്കണം. അതിനിടെ, ഇൗ മാസം നടക്കേണ്ട ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ താരങ്ങളെ വിലക്കി. ഇന്ത്യ-പാക് വിദ്യാർഥി വിനിമയ പരിപാടിയുടെ ഭാഗമായി എത്തിയ 50ഒാളം പാക് വിദ്യാർഥികളെ തിരിച്ചയച്ചു.
ഇന്ത്യ പാകിസ്താന് നൽകാനുള്ള അതിപ്രിയ രാജ്യ (എം.എഫ്.എൻ) പദവി റദ്ദാക്കാൻ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് വിശദീകരിച്ചു. ലോക വ്യാപാര കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ പരസ്പരം ഇൗ പദവി കൊടുക്കാൻ ബാധ്യസ്ഥമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പാകത്തിലുള്ള തെളിവുകൾ ഇന്ത്യ പാക് സൈന്യത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് പാക് ഹൈകമീഷണറെ വിളിപ്പിച്ചത്. തൊട്ടുപിന്നാലെയാണ് കായിക താരങ്ങൾക്ക് വിസ വിലക്കും പാക് വിദ്യാർഥികളെ തിരിച്ചയക്കാനുള്ള തീരുമാനവും ഉണ്ടായത്. ഡൽഹിയിൽ ഇൗ മാസം 10 മുതൽ അഞ്ചു ദിവസം നടക്കാനിരുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടു പാക് താരങ്ങളാണ് പെങ്കടുക്കാൻ നിശ്ചയിച്ചത്. റൂട്ട്സ് ടു റൂട്ട്സ് എന്ന സന്നദ്ധ സംഘടനയുടെ ക്ഷണപ്രകാരം ഇന്ത്യയിൽ എത്തിയ 50ഒാളം പാക് വിദ്യാർഥികളെയാണ് സർക്കാർ നിർദേശപ്രകാരം ബുധനാഴ്ച തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
