നിയന്ത്രണ രേഖയിൽ വീണ്ടും പാക് വെടിവെപ്പ്
text_fieldsജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ ജനവാസമേഖലയിലേക്ക് പാകിസ്താൻ വീണ്ടും വെടിയുതിർത്തു. ബുധനാഴ്ച രജൗരി ജില്ലയിലെ ബലാകോട്ട് മേഖലയിലാണ് പാക് സേനയുടെ ആക്രമണമുണ്ടായത്. നൗഷേരാ മേഖലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ രണ്ട് സിവിലിയന്മാർ മരിച്ചിരുന്നു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അൻസ് ബന്ധാർ പ്രദേശത്താണ് ആദ്യം ഷെല്ലുകൾ പതിച്ചത്. പിന്നീട് ലാം, കൽസിയാൻ പ്രദേശങ്ങളിലും ആക്രമണമുണ്ടായതായി രജൗരി ഡെപ്യൂട്ടി കമീഷണർ ശാഹിദ് ഇഖ്ബാൽ ചൗധരി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സാര്യ, ഖംബ, അൻവാസ്, ബന്ധർ മേഖലകളിൽ വെടിവെപ്പുണ്ടായത്.
ആക്രമണം കനത്തതോടെ 1700 പേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. പാകിസ്താെൻറ കടന്നാക്രമണം പതിനായിരത്തിലേറെ പേരെ ബാധിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ലക്ഷം രൂപവീതം അടിയന്തര സഹായം അനുവദിച്ചു. പരിക്കേറ്റവർക്ക് സാമ്പത്തികസഹായം എത്തിക്കും. നാശനഷ്ടങ്ങൾ കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിക്കുന്നുണ്ട്.
2016ൽ പാകിസ്താൻ 449 തവണ നിയന്ത്രണരേഖ ഭേദിച്ച് ആക്രമണം അഴിച്ചുവിട്ടതായി വിവരാവകാശ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അറിയിച്ചു. 2015ൽ ഇത് 405 തവണയായിരുന്നു. രണ്ടു വർഷങ്ങളിലായി 23 സുരക്ഷജീവനക്കാർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
