പെയിന്റിങ്ങുകൾ, വെള്ളി പാത്രങ്ങൾ, കരകൗശല വസ്തുക്കൾ... ജി 20 നേതാക്കൾക്ക് മോദിയുടെ സമ്മാനങ്ങൾ ഇങ്ങനെ
text_fieldsജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയ ലോക നേതാക്കൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് സവിശേഷ സമ്മാനങ്ങൾ. മനോഹരമായ പെയിന്റിങ്ങുകൾ, വെള്ളി പാത്രങ്ങൾ, കലാസൃഷ്‌ടികൾ, പരമ്പരാഗത സംഗീതോപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് മോദിയുടെ സമ്മാനം.
യു.എസ് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത് കാൻഗ്ര മിനിയേച്ചർ പെയിന്റിങ്ങാണ്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രകാരന്മാരാണ് ഇത് തയാറാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ഗുജറാത്തിലെ വാഗ്രിസ് എന്ന നാടോടി സമൂഹം കൈകൊണ്ട് നിർമിച്ച മാതൃദേവിയുടെ രൂപം നെയ്തെടുത്ത തുണിയാണ് നൽകിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സമ്മാനിച്ചത് വടക്കൻ ഗുജറാത്തിലെ പത്താൻ പ്രദേശത്ത് സാൽവി കുടുംബം നെയ്തെടുത്ത സ്കാർഫ് ആണ്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിൽ നിന്നുള്ള കലാകാരന്മാർ നിർമിച്ച പിത്തോര ചുവർചിത്രമാണ് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് നൽകിയത്. ഗോത്രവർഗക്കാരുടെ സാമൂഹികവും സാംസ്കാരികവും പൗരാണികവുമായ ജീവിതത്തെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഗുഹാചിത്രങ്ങളുടെ ചിത്രീകരണമാണ് ഇത്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ഹിമാചലിലെ മാണ്ഡി, കുളു ജില്ലകളിൽ നിന്നുള്ള കനാൽ പിച്ചള സെറ്റ് സമ്മാനമായി നൽകി. ഒരു മീറ്ററിലധികം നീളമുള്ള പിച്ചള കാഹളമാണിത്. ഗ്രാമദൈവങ്ങളുടെ ഘോഷയാത്ര പോലുള്ള ആചാരങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോക്ക് കിന്നൗരി ഷാളാണ് സമ്മാനിച്ചത്. സൂറത്തിൽ നിന്നുള്ള പരമ്പരാഗത വെള്ളി പാത്രവും അദ്ദേഹത്തിന് കൈമാറി.
ഫ്രാൻസ്, ജർമനി, സിംഗപ്പൂർ രാജ്യങ്ങളിലെ നേതാക്കൾക്ക് കച്ചിൽനിന്നുള്ള 'അഗേറ്റ്' എന്ന പ്രത്യേക ബൗൾ ആണ് നൽകിയത്. സിന്ധുനദീതട സംസ്കാരം മുതൽ കരകൗശലത്തൊഴിലാളികൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട വൈദഗ്ധ്യത്തിലൂടെ നിർമിക്കുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

