'ഇതാണ് എന്റെ ഭർത്താവിനുള്ള യഥാർഥ ആദരാഞ്ജലി, അദ്ദേഹം എവിടെയായിരുന്നാലും ഇന്ന് സമാധാനത്തോടെയിരിക്കും'; നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ശുഭം ദ്വിവേദിയുടെ ഭാര്യ
text_fieldsന്യൂഡൽഹി: പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സേന 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ നടത്തിയ തിരിച്ചടിയിൽ നന്ദി അറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഇര ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷന്യ. തന്റെ ഭർത്താവിന്റെ മരണത്തിൽ 'പ്രതികാരം' ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സേനക്കും ഐഷന്യ നന്ദി അറിയിച്ചു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 31കാരനായ വ്യവസായി ശുഭം ദ്വിവേദിയും ഉൾപെട്ടിരുന്നു.
എന്റെ ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്തതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഐഷന്യ പറഞ്ഞു. 'എന്റെ മുഴുവൻ കുടുംബത്തിനും അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം മറുപടി നൽകിയ രീതി (പാകിസ്ഥാനോട്) അദ്ദേഹത്തോടുള്ള വിശ്വാസം നിലനിർത്തി. ഇതാണ് എന്റെ ഭർത്താവിനുള്ള യഥാർഥ ആദരാഞ്ജലി. അദ്ദേഹം എവിടെയായിരുന്നാലും ഇന്ന് സമാധാനത്തോടെയിരിക്കും.' ഐഷന്യ പറഞ്ഞു.
'തീവ്രവാദികൾ ശുഭമിനോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചു. കലിമ ചൊല്ലാൻ കഴിയാതെ വന്നപ്പോൾ അവർ വെടിവച്ചു. ആ നിമിഷം മറ്റുള്ളവർക്ക് ഓടാൻ അവസരം നൽകി. പക്ഷേ ശുഭം രക്ഷപ്പെട്ടില്ല.' അവസാനമായി അദ്ദേഹത്തിന്റെ മുഖം കാണാൻ കഴിയാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്ന് ഐഷന്യ കൂട്ടിച്ചേർത്തു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ആദ്യമായാണ് കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാകിസ്താനെതിരെ അണിനിരക്കുന്നത്. ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

