പഹൽഗാം ഭീകരാക്രമണം: നടപടികൾ കടുപ്പിച്ച് ഇന്ത്യ, പാകിസ്താനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്ക്
text_fieldsന്യൂഡൽഹി: പാകിസ്താനിൽനിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് എത്രയുംവേഗം നടപ്പിലാക്കുമെന്ന് വിദേശവാണിജ്യ വകുപ്പിന്റെ ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി അറിയിച്ചു.
കേന്ദ്രസർക്കാർ 2023-ൽ പുറത്തിറക്കിയ വിദേശ വ്യാപാര നയത്തിൽ ഇതുസംബന്ധിച്ച പുതിയ വിവരം ഉൾപ്പെടുത്തിയാണ് പുതുക്കിയ പ്രസ്താവന ഇറക്കിയിട്ടുള്ളത്. പാകിസ്താനിൽ ഉത്പാദിപ്പിക്കുകയോ, അവിടെനിന്ന് കയറ്റി അയയ്ക്കുകയോ ചെയ്തതായ വസ്തുക്കളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.
രാജ്യത്തിന്റെ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവുകൾ ലഭിക്കുകയുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 29-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ആക്രമണത്തിൽ വിനോദസഞ്ചാരികളക്കം 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

