എതിർപ്പ് രൂക്ഷമായി; കശ്മീരിലെ വീടുകൾ പൊളിക്കുന്നത് സുരക്ഷാസേന നിർത്തി
text_fieldsശ്രീനഗർ: ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ വീട് പൊളിക്കുന്നത് സുരക്ഷാസേന നിർത്തി. എന്നാൽ, ഭീകരർക്ക് സഹായം നൽകുന്ന ശൃംഖല തകർക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തി. നിയന്ത്രണ രേഖ ഇപ്പോഴും ശാന്തമല്ല.
മകൻ തെറ്റുചെയ്താൽ പിതാവിനെയോ അയാൾ താമസിച്ചിരുന്ന സ്ഥലത്തെ ഒന്നടങ്കമോ ശിക്ഷിക്കുന്ന രീതി ശരിയല്ലെന്ന് സി.പി.എം നേതാവും കുൽഗാം എം.എൽ.എയുമായ എം.വൈ. തരിഗാമി പറഞ്ഞു. വീടുതകർക്കലിനെതിരെ സുപ്രീം കോടതി ഉത്തരവുണ്ട്. അത് പൗരന്റെ പാർപ്പിടാവകാശം ഉയർത്തിപ്പിടിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ, ഭീകരവാദികളെന്ന് ആരോപിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുകയാണ്.
2014 മുതൽ ജമ്മു-കശ്മീരിലെ ക്രമസമാധാന ചുമതല കേന്ദ്രത്തിനാണ്. ഇപ്പോഴത്തെ അവസ്ഥക്ക് അവരാണ് ഉത്തരം പറയേണ്ടത്. പഹൽഗാമിലുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിൽ അത്തരം പ്രവൃത്തികൾക്ക് ഇടമില്ല. ഇരകൾക്ക് നീതികിട്ടണം. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. പക്ഷേ നിരപരാധികളെ ഉപദ്രവിക്കരുത്-തരിഗാമി തുടർന്നു. പഹൽഗാം ആക്രമണത്തിനുശേഷം ഒമ്പത് തീവ്രവാദികളുടെ വീടുകളാണ് പൊളിച്ചത്. വീട് പൊളിക്കലിനെതിരെ കശ്മീരിലെ പ്രധാന പാർട്ടികളെല്ലാം പ്രതിഷേധം ഉയർത്തി. ഇത് സാധാരണ കുടുംബങ്ങളെയും സ്ത്രീകളെയും കുട്ടികളെയും വയോധികരെയുമെല്ലാം ബാധിക്കുന്നതായി അവർ പറഞ്ഞു.
വീടുപൊളിച്ച് നിരപരാധികളെ ശിക്ഷിക്കരുതെന്ന് ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് പറഞ്ഞു. പൊളിക്കൽ നടപടി നിർത്തി മറ്റെന്തെങ്കിലും മാർഗം ആലോചിക്കണമെന്ന് ജസ്റ്റിസ് ഡവലപ്മെന്റ് ഫ്രണ്ട് സ്ഥാപകൻ ഷമീം അഹ്മദ് തോക്കറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

