ന്യൂഡൽഹി: പത്മാവത് സിനിമാ നിർമ്മാതാക്കൾക്കായി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരിഷ് സാൽവേക്ക് ഭീഷണി. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിൻെറ ഒാഫീസ് അറിയിച്ചു.
ഒാഫീസ് ആക്രമിക്കുമെന്നും ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. രജ്പുത് കർണി സേനയുടെ ആളാണെന്ന് വ്യക്തമാക്കിയാണ് വിളിച്ചയാൾ ഭീഷണി മുഴക്കിയതത്രെ. മുകുൾ റോഹ്തകിയും ഹരീഷ് സാൽവേയുമാണ് പത്മാവത് നിർമ്മാതാക്കൾക്കായി പരമോന്നത കോടതിയിൽ ഹാജരായത്.
എന്നാൽ ഭീഷണിയെക്കുറിച്ച് അറിയില്ലെന്ന് കർണി സേനാ മേധാവി ലോക്ലേന്ദ്ര സിങ് കാൽവി പ്രതികരിച്ചു. രജ്പുത്ത് മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളും ചിത്രത്തെ എതിർക്കുന്നുണ്ട്. റീലിസ് ദിനമായ ജനുവരി 25ന് രാജ്യത്ത് ജനകീയ നിരോധനാഞ്ജ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.