പത്മശ്രീ പുരസ്കാര ജേതാവിനെ ആശുപത്രി ഐ.സി.യുവിൽ നൃത്തം ചെയ്യിപ്പിച്ചു; പ്രതിഷേധം ശക്തം
text_fieldsെഎ.സി.യുവിൽ കഴിയുന്ന പത്മശ്രീ പുരസ്കാര ജേതാവ് കമലാ പൂജാരി
ഭുവനേശ്വർ: ആശുപത്രിയിലെ ഐ.സി.യു വാർഡിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ പുരസ്കാര ജേതാവ് കമലാ പൂജാരിയെകൊണ്ട് നൃത്തം ചെയ്യിപ്പിച്ച സാമൂഹിക പ്രവർത്തകക്കെതിരെ പ്രതിഷേധം ശക്തം. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ എ.സി.ബി മെഡിക്കൽ കോളജ് ആന്‍റ് ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവം. ഐ.സി.യു വാർഡിനുള്ളിൽ കമലയെ കൊണ്ട് ഒരു സ്ത്രീയെ നൃത്തം ചെയ്യിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
പിന്നീട് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. 72 കാരിയായ കമലാ പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഐ.സി.യുവിലെ നൃത്തം വൈറലായതോടെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്. അതേസമയം, സാമൂഹിക പ്രവർത്തകക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരജ, ഭൂമിയ തുടങ്ങിയ ഗോത്രവർഗ സംഘടനകൾ രംഗത്തെത്തി.
''കമല പൂജാരി ഒഡീഷയുടെ മാത്രമല്ല, രാജ്യത്തിന്റെയും അഭിമാനമാണ്. അവർ നമ്മുടെ സമൂഹത്തിന് പ്രചോദനമാണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. വിഷയം അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഐ.സി.യുവിൽ വെച്ച് വീഡിയോ ഷൂട്ട് ചെയ്യുകയും ഇന്റർനെറ്റിൽ വൈറലാക്കുകയും ചെയ്തു. ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടിയെടുക്കണം. അല്ലാത്തപക്ഷം തെരുവിലിറങ്ങി പ്രതിഷേധിക്കും''- ഭൂമിയ നേതാവ് നരേന്ദ്ര കണ്ടോളിയ പറഞ്ഞു.
സാമൂഹിക പ്രവർത്തകക്കെതിരെ നടപടിയെടുക്കണമെന്ന് പ്രജാസമാജ് ചെയർമാൻ ഹരീഷ് മുതലിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് കട്ടക്കിലെ ആശുപത്രി അധികൃതർ, മെഡിസിൻ വിഭാഗം മേധാവി ജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിച്ചതിന് 2019ലാണ് കമലാ പൂജാരിക്ക് പത്മശ്രീ ലഭിച്ചത്. വിവിധ വിളകളുടെ 100ലധികം ഇനം നാടൻ വിത്തുകൾ സംരക്ഷിച്ചതിന്റെ ബഹുമതിയും അവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

