വി.എസിനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കുന്നു. നടൻ ധർമ്മേന്ദ്രക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ പ്രഖ്യാപിച്ചു. കൂടാതെ സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകും. സാഹിത്യ വിഭാഗത്തിൽ സംഘ്പരിവാർ സൈദ്ധാന്തികനായ പി. നാരായണനും പത്മ വിഭൂഷൺ ലഭിക്കും.
നടൻ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ ഭൂഷണും അർഹരായി.
പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മ, കലാമണ്ഡലനം വിമല മേനോൻ തുടങ്ങിയവർക്ക് പത്മ ശ്രീയും പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ തുടങ്ങിവർക്കും പത്മ ശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമാണ് പി. നാരായണൻ. ആർ.എസ്.എസ് സംസ്ഥാന സമിതി അംഗമാണ്. പത്തോളം പുസ്തകങ്ങളും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. എറണാകുളം മുളവുകാട് മഠത്തില്‍ കുടുംബാംഗം എം.എ. രാജേശ്വരിയാണ് ഭാര്യ. മക്കള്‍: മനു നാരായണന്‍ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, നാഷ് വില്‍, യു.എസ്.എ), അനു നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍, ഇന്ത്യ കോണ്‍ട്രിബ്യൂട്ടര്‍, എസ്.ബി.എസ് റേഡിയോ). മരുമക്കൾ: നീനു കുര്യന്‍, പ്രീനാലക്ഷ്മി (അഡ്മിനിസ്ട്രേറ്റര്‍, മടുക്കക്കുഴി ലേക്സൈഡ് ആയുര്‍വേദ, കുടയത്തൂര്‍).
ഇന്ത്യൻ നാരീശക്തി പുരസ്‌കാര ജേതാവാണ് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മ. പാരിസ്ഥിതിക മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് ബഹുമതി. ‘അൺസങ് ഹീറോസ്’ വിഭാഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് വീടിന് സമീപം അഞ്ച് ഏക്കറിൽ ദേവകി അമ്മ വനമുണ്ടാക്കിയിരുന്നു. ഇവിടെ 3000-ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്.
ഏഴു മലയാളികൾക്ക് ജീവൻ രക്ഷാ പുരസ്കാരങ്ങൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച ജീവൻ രക്ഷാ പുരസ്കാരങ്ങൾ ഏഴു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് സമ്മാനിക്കും. സി. മുഹമ്മദ് ഷാമിൽ ഉത്തം ജീവാരക്ഷാ പതകിനും; ടി.ജെ ജയേഷ്, മാസ്റ്റർ കെ.പി ആകാശ്, മാസ്റ്റർ ഹർഷിക് മോഹൻ, മാസ്റ്റർ സി. ഋതുനാഥ്, മാസ്റ്റർ കെ.വൈശാഖ്, മാസ്റ്റർ സി യദുനന്ദ് എന്നിവർ ജീവൻരക്ഷാ പതകിനും അർഹരായി. ലക്ഷദീപ് സ്വദേശി പി.എൻ മുഹമ്മദ് ബാദുഷ ജീവൻരക്ഷാ പതക് പുരസ്കാരത്തിനും അർഹനായി.
വി.എസിന് രാജ്യം തരുന്ന അംഗീകാരം വിലപ്പെട്ടതാണെന്ന് വി.എ. അരുൺകുമാർ
വി.എസ്. അച്യുതാനന്ദന് രാജ്യം തരുന്ന അംഗീകാരം വിലപ്പെട്ടതാണെന്ന് മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. അച്ഛന് അംഗീകാരം കിട്ടണമെന്ന് മകനെന്ന രീതിയിൽ ആഗ്രഹമുണ്ടായിരുന്നു. സ്വാന്ത്ര്യസമരത്തിൽനിന്ന് തുടങ്ങിയ പോരാട്ടം ജനങ്ങൾക്കുവേണ്ടിയായിരുന്നു. ഈ അംഗീകാരം കുടുംബത്തിനും വ്യക്തിപരമായും നൽകുന്ന സന്തോഷം ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

