നാഷനൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതെന്ന് പി. ചിദംബരം
text_fieldsപി. ചിദംബരം
ചെന്നൈ: നാഷനൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ ഹെറാൾഡ് കേസിലൂടെ രാജ്യത്തുടനീളം കോൺഗ്രസ് പാർട്ടിക്കെതിരായ പ്രതിച്ഛായ സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ പി. ചിദംബരം, ബി.ജെ.പി പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പണകൈമാറ്റം ഒരു കുറ്റകൃത്യമല്ല. സാധാരണക്കാർക്കിടയിൽ എല്ലാ ദിവസവും പണകൈമാറ്റം നടക്കുന്നുണ്ട്. എന്നാൽ, നിയമവിരുദ്ധമായ പണകൈമാറ്റം കുറ്റകൃത്യമാണ്. അങ്ങനെ സംഭവിച്ചാൽ, പൊലീസും അന്വേഷണ ഏജൻസികളും കേസ് രജിസ്റ്റർ ചെയ്യണം. നാഷനൽ ഹെറാൾഡ് കേസിൽ പൊലീസോ ഏതെങ്കിലും അന്വേഷണ ഏജൻസിയോ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കേന്ദ്ര സർക്കാർ പ്രതികാര നടപടി ഉപേക്ഷിക്കണം. ഈ കേസിൽ ഇ.ഡി അപ്പീൽ നൽകിയാൽ കേന്ദ്ര സർക്കാറിന് അത് ഇനിയും മനസ്സിലായിട്ടില്ലെന്ന് വേണം കരുതാൻ.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇ.ഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം 77 വർഷത്തിനുശേഷം മഹാത്മാഗാന്ധി വീണ്ടും കൊല്ലപ്പെട്ടതിന് തുല്യമാണെന്നും ഉച്ചരിക്കാൻ എളുപ്പമല്ലാത്ത പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

