ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മനുഷ്യർ മരിച്ച് വീഴുേമ്പാഴും മുതലെടുത്ത് കരിഞ്ചന്തകൾ. പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരോട് പത്തിരട്ടി വിലയാണ് ഒാക്സിജൻ സിലണ്ടറിന് ഡൽഹിയിൽ കരിഞ്ചന്തക്കാർ ആവശ്യപ്പെടുന്നത്. ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടർ ഇല്ലെന്ന് സർക്കാറും അധികൃതറും പറയുേമ്പാഴാണ് കരിഞ്ചന്തയിൽ കൊള്ള വിൽപ്പന നടക്കുന്നത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് അപകടനിലയിലായ ഭർതൃപിതാവിന് വേണ്ടി ഒാക്സിജൻ സിലണ്ടർ അന്വേഷിച്ചിറങ്ങിയ അൻഷു പ്രിത എന്ന സ്ത്രീയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്.
''ഡൽഹി, നോയിഡ എന്നിവിടങ്ങളിലെ ആശുപത്രികളെ സമീപിച്ചിരുന്നെങ്കിലും ഓക്സിജൻ സിലണ്ടറും കിടക്കകളും ലഭ്യമല്ലാത്തതിനാൽ ഭർതൃപിതാവിനെ അഡ്മിറ്റ് ചെയ്യാനായില്ല. തുടർന്നാണ് കരിഞ്ചന്തയിൽ നിന്ന് ഓക്സിജൻ സിലണ്ടർ അൻഷു വാങ്ങുന്നത്.
ആറായിരം രൂപ വിലയുള്ള ഓക്സിജൻ സിലിണ്ടർ 50000 രൂപയാണ് അവരോട് ആവശ്യപ്പെട്ടത്. ആ വിലക്ക് വാങ്ങിയാണ് ഭർതൃപിതാവിന് വീട്ടിൽ ചികിത്സ തുടങ്ങിയതും ജീവൻ നിലനിർത്തുന്നതും. പിന്നാലെ അവരുടെ ഭർതൃ മാതാവും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും മറ്റൊരു ഓക്സിജൻ സിലണ്ടർ കൂടി കരിഞ്ചന്തയിൽ നിന്ന് വാങ്ങാനുള്ള സാമ്പത്തിക ശേഷി അവർക്കുണ്ടായിരുന്നില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ഓക്സിജൻ വിതരണക്കാരെ സിലിണ്ടറിനായി ബന്ധപ്പെടുേമ്പാൾ പത്തിരട്ടിവരെ വിലയാണ് ആവശ്യപ്പെടുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലും നോയിഡയിലും മാത്രമല്ല, ലക്നൗ, അലഹബാദ്, ഇൻഡോർ തുടങ്ങിയയിടങ്ങളിലും സമാനവസ്ഥയാണത്രെ. ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് പലരും ഒാക്സിജൻ സിലിണ്ടറുകൾ വീടുകളിലൊരുക്കാൻ ശ്രമിച്ചത്.