ഓക്സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു; ഭർത്താവിന്‍റെ നില ഗുരുതരം
text_fieldsPhoto: India Today/Sharat Kumar
ജയ്പൂർ: രാജസ്ഥാനിൽ ഓക്സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം.
രണ്ടുമാസങ്ങൾക്ക് മുമ്പാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹർസഹായ് മീണയുടെ സഹോദരനായ സുൽത്താൻ സിങ്ങിന് കോവിഡ് ബാധിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിെന തുടർന്നാണ് ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് തുടങ്ങിയത്. ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിരുന്ന ഭാര്യ സന്തോഷ് മീണയായിരുന്നു സിങ്ങിനെ പരിചരിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ മീണ ലൈറ്റ് ഓൺ ചെയ്തതും ഓക്സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മീണ മരിച്ചത്. ജയ്പൂരിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയ സുൽത്താൻ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ദമ്പതികളുടെ 10, 12 വയസ് പ്രായമുള്ള ആൺകുട്ടികൾ അപകടം നടന്ന സമയത്ത് വീട്ടിൽ ഇല്ലായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്ത കടക്കാരനെ ചോദ്യം ചെയതു. പ്രാഥമിക പരിശോധനയിൽ ഉപകരണത്തിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതായാണ് കണ്ടെത്തിയത്.