ബാബൂ, നിങ്ങൾക്ക് എക്സ്ട്രിമിസ്റ്റ് എന്ന് ഇംഗ്ലീഷിൽ എഴുതാൻ സാധിക്കുമോ; എന്റെ താടിയും തൊപ്പിയുമാണോ അങ്ങനെ വിളിക്കാൻ കാരണം; തേജസ്വി യാദവിന് മറുപടിയുമായി ഉവൈസി
text_fieldsപട്ന: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് രൂക്ഷമായ മറുപടിയുമായി ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. തന്നെ എക്സ്ട്രിമിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചതിനുള്ള മറുപടിയാണ് ഉവൈസി തേജസ്വിക്ക് നൽകിയത്. ''ആർ.ജെ.ഡി നേതാവ് ഈ വാക്ക് പാകിസ്താനിൽ നിന്ന് കടമെടുത്തതാണ്. എന്നിട്ട് എനിക്കെതിരെ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഒന്നുചോദിക്കട്ടെ, നിങ്ങൾക്ക് എക്സ്ട്രിമിസ്റ്റ് എന്ന് ഇംഗ്ലീഷിൽ എഴുതാൻ അറിയാമോ?''-എന്നായിരുന്നു ഉവൈസിയുടെ പരിഹാസം.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു തേജസ്വിയുടെ വിവാദ മറുപടി. ഉവൈസി എക്ട്രിമിസ്റ്റാണ് എന്നാണ് തേജസ്വി പറഞ്ഞത്. ''ഉവൈസി ഒരു എക്സ്ട്രിമിസ്റ്റാണ്. ശരിക്കും ഒരുമതഭ്രാന്തനായ തീവ്രവാദി''-എന്നാണ് തേജസ്വി പറഞ്ഞത്.
എന്നാൽ അഭിമാനത്തോടെ പിന്തുടരുന്ന തന്റെ മതം കാരണമാണ് തേജസ്വി തീവ്രവാദി എന്നുവിളിച്ചതെന്ന് ഉവൈസി പറഞ്ഞു.
''നിങ്ങളുടെ മുന്നിൽ വന്ന് ഓഛാനിച്ചു നിൽക്കാത്ത ഒരാളെ, നിങ്ങളോട് ഒരിക്കലും യാചിക്കാൻ വരാത്ത ഒരാളെ, നിങ്ങളുടെ പിതാവിനെ ഒരിക്കലും ഭയപ്പെടാത്ത ഒരാളെ നിങ്ങൾ ഭീരുവെന്ന് വിളിക്കുമോ? എന്റെ തലയിലെ തൊപ്പിയും താടിയുമാണോ എന്നെ തീവ്രവാദിയെന്ന് വിളിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്. നിങ്ങളോട് വളതെയധികം വെറുപ്പ് തോന്നുകയാണ്''-ഉവൈസി പറഞ്ഞു.
ഉവൈസിയുടെ സംസാരത്തിന്റെ വിഡിയോ ക്ലിപ്പ് എ.ഐ.എം.ഐ.എം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. തേജസ്വി പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നത്.
സീമാചലിലെ മുഴുവൻ ആളുകൾക്കും അപമാനമായി മാറി തേജസ്വിയുടെ പരാമർശമെന്നും എ.ഐ.എം.ഐ.എം കുറ്റപ്പെടുത്തി.
എ.ഐ.എം.ഐ.എമ്മുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഇൻഡ്യ സഖ്യം പരാജയപ്പെട്ടിരുന്നു.
ആറ് സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു ചർച്ചകൾക്കിടെ എ.ഐ.എം.ഐ.എം മുന്നോട്ടുവെച്ചത്. എന്നാൽ ഒറ്റ സീറ്റ് പോലും നൽകാൻ ഇൻഡ്യ സഖ്യം തയാറായില്ല. അതിനു പിന്നാലെയാണ് ബിഹാറിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചത്. ബിഹാറിലെ മൂന്നാംമുന്നണിയാണ് തന്റെ പാർട്ടിയെന്നാണ് ഉവൈസി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ സഖ്യത്തിന് തയാറാണെന്ന് കാണിച്ച് ആർ.ജെ.ഡി സ്ഥാപക നേതാവ് ലാലുവിനും തേജസ്വിക്കും കത്തെഴുതിയിരുന്നുവെന്നും എന്നാൽ അവർ പ്രതികരിച്ചില്ലെന്നുമായിരുന്നു ഉവൈസി നേരത്തേ പറഞ്ഞത്. നവംബർ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിലെ വോട്ടെടുപ്പ്. നവംബർ 14ന് ഫലമറിയാം. 13 കോടി വോട്ടർമാരിൽ 17.7 ശതമാനമാണ് മുസ്‍ലിം വോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

