ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുന്നു; മുന്നറിയിപ്പുമായി ഉവൈസി
text_fieldsന്യൂഡൽഹി: ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി ആൾ ഇന്ത്യ മജിലിസെ-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. അരുണാചലിലെ കൈയേറ്റത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.
ചൈനയുടെ പേര് കേട്ടാൽ തന്നെ പ്രധാനമന്ത്രി ഭയപ്പെടുകയാണോ ?. ഇന്ത്യയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.ചൈന രണ്ട് വർഷമായി ലഡാക്കിൽ പ്രവേശിച്ചിട്ട്. ഇപ്പോൾ അരുണാചൽ പ്രദേശിലും ചൈനീസ് സാന്നിധ്യമുണ്ട്. പ്രത്യേക സമ്മേളനം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ചൈനീസ് ബുൾഡോസറുകൾ ഇന്ത്യൻ മണ്ണിൽ വന്നിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി വിഷയത്തിൽ നിശബ്ദരാണ്. ഇവർ ബുൾഡോസറുകളുടെ വരവിൽ അഭിമാനിക്കുകയാണ്. ചൈനയുമായി ഇന്ത്യ 14 തവണ ചർച്ച നടത്തി. എന്നിട്ട് എന്തുണ്ടായി ഫലം. ചൈനയുമായി ഏത് സമയവും യുദ്ധമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

