‘എന്‍റെ മസ്ജിദിന്‍റെ ഒരിഞ്ച് നഷ്ടമാകില്ല, ഞങ്ങൾ അഭിമാനികളായ ഇന്ത്യക്കാർ’; മോദി സർക്കാറിന് മുന്നറിയിപ്പുമായി ഉവൈസി
text_fieldsന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബില്ലിൽ മോദി സർക്കാറിന് മുന്നറിയിപ്പുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വഖഫ് ആരാധനയുടെ ഭാഗമാണെന്നും അത് തട്ടിയെടുക്കാൻ കഴിയില്ലെന്നും ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ ഉവൈസി ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതി ബിൽ മുസ് ലിം സമുദായം തള്ളിക്കളഞ്ഞെന്നും അത് സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കുമെന്നും ഉവൈസി വ്യക്തമാക്കി.
'അഭിമാനിയായ ഒരു ഇന്ത്യൻ മുസ് ലിം എന്ന നിലയിൽ, എന്‍റെ മസ്ജിദിന്‍റെ ഒരിഞ്ച് നഷ്ടമാകില്ല. എന്‍റെ ദർഗയുടെ ഒരിഞ്ച് നഷ്ടമാകില്ല. അത് ഞാൻ അനുവദിക്കില്ല. ഞങ്ങൾ ഇനി അനുരഞ്ജന ചർച്ച നടത്തില്ല. ഈ സഭയിൽ നിന്ന് കൊണ്ട് എന്‍റെ സമുദായത്തിന് വേണ്ടി ആത്മാർഥമായി സംസാരിക്കും.
ഞങ്ങൾ അഭിമാനികളായ ഇന്ത്യക്കാരാണ്. ഇത് ഞങ്ങളുടെ സ്വത്താണ്, ആരും നൽകിയതല്ല. നിങ്ങൾക്ക് അത് ഞങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ല. വഖഫ് എന്നത് ഞങ്ങൾക്ക് ആരാധനയുടെ ഭാഗമാണ്'- ഉവൈസി വ്യക്തമാക്കി. ആർട്ടിക്കിൾ 14, 25, 26 എന്നിവയുടെ ലംഘനത്തിന് വഴിവെക്കുന്ന വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാൽ അത് രാജ്യത്ത് സാമൂഹിക അസ്ഥിരതക്ക് വഴിവെക്കും. വഖഫ് ബിൽ മുസ് ലിം സമുദായം തള്ളിക്കളഞ്ഞു. വഖഫ് സ്വത്തുക്കൾ അവശേഷിക്കില്ല.
ഇന്ത്യയെ 'വികസിത ഭാരതം' ആക്കണമെന്ന് നിങ്ങൾ പറയുന്നു, ഞങ്ങളും ആവശ്യപ്പെടുന്നത് 'വികസിത ഭാരത'മാണ്. എന്നാൽ, ഈ രാജ്യത്തെ 80കളിലേക്കും 90കളുടെ തുടക്കത്തിലേക്കും തിരികെ കൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കുന്നുവെന്നും അതിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.