ന്യുഡൽഹി: പാർട്ടി അംഗങ്ങൾക്ക് പോലും കോൺഗ്രസിൽ ആത്മവിശ്വാസമില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
അവരുടെ ആളുകൾ പാർട്ടി വിട്ട് പോകുന്നു. അവരുടെ ഗുജറാത്ത് വർക്കിങ് പ്രസിഡന്റിന് പാർട്ടിയുടെ അനൗദ്യോഗിക പ്രസിഡന്റിൽ വിശ്വാസമില്ല. അതുകൊണ്ട് അദ്ദേഹം പാർട്ടിവിട്ടുവെന്ന് ഉവൈസി പറഞ്ഞു.
കോൺഗ്രസ് 15 വർഷം മഹാരാഷ്ട്ര ഭരിച്ചു. ഇപ്പോൾ അവർ അവിടെ മൂന്നാം സ്ഥാനത്താണ്. നിങ്ങൾക്ക് ഡൽഹിയിൽ എവിടെയെങ്കിലും കോൺഗ്രസിനെ കാണാനാകുമോ. കേരളത്തിലും പാർട്ടിക്ക് അധികാരം നഷ്ടമായെന്ന് ഉവൈസി പറഞ്ഞു.
നേരത്തെ കോൺഗ്രസ് വിടുകയാണെന്ന് ഗുജറാത്തിലെ പാർട്ടി നേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു. 'മുതിർന്ന നേതാക്കൾക്ക് മൊബൈൽ ഫോണിലാണ് ശ്രദ്ധ. ഗുജറാത്തിലെ കോൺഗ്രസുകാർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണ് താൽപര്യം.
നിർണായക ഘട്ടങ്ങളിലെല്ലാം കോൺഗ്രസ് നേതാക്കൾ വിദേശത്താണ്. അവർക്ക് ഗുജറാത്തിന്റെ കാര്യത്തിൽ ഒരു താൽപര്യവുമില്ല' -എന്നിങ്ങനെയാണ് കത്തിലുള്ളത്. പൗരത്വ ഭേദഗതി നിയമം, ജി.എസ്.ടി, അയോധ്യ, ജമ്മു-കശ്മീർ വിഭജനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് തടസ്സമായി നിൽക്കുകയാണ് ചെയ്തതെന്നും ഹാർദിക് പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു.