ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞയാളുടെ പേര് രാകേഷ് കിഷോർ എന്നല്ലെങ്കിൽ... -അഭിഭാഷകനെതിരെ നടപടിയില്ലാത്തതിൽ വിമർശനവുമായി ഉവൈസി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ അഭിഭാഷകൻ രാകേഷ് കിഷോർ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ വിമർശനവുമായി അസദുദ്ദീൻ ഉവൈസി എം.പി. കിഷോറിനെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത ഉവൈസി, മതപരമായ പക്ഷപാതം കാണിക്കുന്നെന്ന് ചുണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ചു.
അയാളുടെ പേര് രാകേഷ് കിഷോർ എന്നല്ലായിരുന്നുവെങ്കിൽ, അത് ആസാദ് എന്നായിരുന്നെങ്കിൽ പൊലീസ് എന്തു ചെയ്യുമായിരുന്നു? ‘അവനെ പിടിക്ക്!, അയൽരാജ്യത്ത്നിന്നാണ് അവൻ വന്നത്, ഐ.എസ്.ഐ (പാക് ചാര ഏജൻസി)’ എന്നൊക്കെ ബി.ജെ.പിക്കാർ പറയുമായിരുന്നു -ഉവൈസി പറഞ്ഞു. ഉത്തർപ്രദേശിലെ ബറേലിയിൽ 'ഐ ലവ് മുഹമ്മദ്' ബാനർ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച മുസ്‌ലിംകൾക്കെതിരെ പൊലീസ് നടപടിയെടുത്ത രീതിയുമായി രാകേഷ് കിഷോറിന്റെ സംഭവത്തെ ഉവൈസി താരതമ്യം ചെയ്തു. ‘സനാതന ധർമ്മത്തിനോ ഹിന്ദുമതത്തിനോ എതിരായ അപമാനം ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് രാകേഷ് കിഷോർ പറഞ്ഞതും ഉവൈസി ചൂണ്ടിക്കാട്ടി.
മോദി ജി പറയൂ, നിങ്ങളുടെ സർക്കാറും നയങ്ങളുമല്ലേ ഇതിന് ഉത്തരവാദികൾ? നിങ്ങളുടെ സർക്കാർ ശാക്തീകരിച്ച ആളുകളാണ് ഇവർ. ആളുകളുടെ ഹൃദയങ്ങളിൽ നിങ്ങൾ വിഷം കുത്തിവെച്ചിരിക്കുന്നു -ഉവൈസി വിമർശിച്ചു.
അതേസമയം, സംഭവത്തിൽ ഷൂ എറിഞ്ഞ അഭിഭാഷകനെ അനുകൂലിച്ചും ചീഫ് ജസ്റ്റിസിനെ എതിർത്തും സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം തുടരുകയാണ്. അഭിഭാഷകനെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ പൊലീസ് കമീഷണറുമായ ഭാസ്കർ റാവു രംഗത്തുവന്നു. നിയമപരമായി തെറ്റായ കാര്യമാണെങ്കിലും നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ട് സ്വീകരിച്ച ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്ന് റാവു പറഞ്ഞു.
ഹിന്ദുത്വ അനുകൂല വലതുപക്ഷ സംഘം ചീഫ് ജസ്റ്റിസ് ഹിന്ദു വിരുദ്ധനാണെന്നാണ് ആക്ഷേപിക്കുന്നത്. തലയിൽ മൺപാത്രം വെച്ച ഗവായിയുടെ വീഡിയോയും മുഖത്ത് നീലനിറത്തിലുള്ള ചായം പൂശിയ ഗവായിയെ ഷൂ കൊണ്ട് അടിക്കുന്ന വീഡിയോയും എ.ഐയിൽ സൃഷ്ടിച്ചത് എക്സിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷവും ഇവയൊന്നും എക്സിൽ നിന്ന് നീക്കിയിട്ടില്ല. ആക്രമണം ഒരു തുടക്കമാണെന്നും ജഡ്ജിമാർ ഇതുപോലുള്ള പരാമർശങ്ങൾ നടത്തിയാൽ തെരുവിൽ നേരിടുമെന്നും ഹിന്ദുത്വ അനുകൂല യൂട്യൂബർ അജിത് ഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

