'എഐഎംഐഎം പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമായി'; ഉവൈസിയെ തള്ളിപ്പറഞ്ഞ് അസീം വഖാർ കോൺഗ്രസിലേക്ക്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് പാർട്ടിയുടെ ദേശീയ മുഖവും പ്രധാന വക്താവുമായ സയ്യിദ് അസീം വഖാർ കോൺഗ്രസിൽ ചേർന്നു. ഉവൈസിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ അസീം വഖാറിന്റെ കൂടുമാറ്റം ഉത്തർപ്രദേശിലെ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. ബിജെപിയെ താഴെയിറക്കാനെന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ മാത്രം മത്സരിക്കുന്നത് പരോക്ഷമായി ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാൻ മാത്രമാണെന്ന് തുറന്നടിച്ചാണ് വഖാർ പാർട്ടി വിട്ടത്.
ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. എഐഎംഐഎം ബിജെപിയുടെ 'ബി-ടീം' ആയാണ് പ്രവർത്തിക്കുന്നതെന്ന് വഖാർ പരസ്യമായി ആരോപിച്ചു. “ബിജെപിക്കെതിരെ പോരാടുന്ന സെക്കുലർ പാർട്ടിയെന്ന നിലയിലാണ് ഞാൻ എഐഎംഐഎമ്മിൽ ചേർന്നത്. എന്നാൽ കാലക്രമേണ മനസ്സിലായി, പാർട്ടി ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെയാണ് പോരാടുന്നത്. ഇത് ഫലത്തിൽ ബിജെപിയെ മാത്രമാണ് സഹായിക്കുന്നത്. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിക്ക് ഒപ്പം നിൽക്കുകയല്ലാതെ മറ്റ് വഴികളില്ല” - കോൺഗ്രസിൽ ചേർന്ന ശേഷം അസീം വഖാർ വ്യക്തമാക്കി.
കർണാടകയിൽ കുമാരസ്വാമിയുടെ ജെഡിഎസും തെലങ്കാനയിൽ കെസിആറിന്റെ ബിആർഎസും മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിയും എഐഎംഐഎമ്മുമായി കൈകോർത്തപ്പോഴൊക്കെ അവർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ഉവൈസിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനൽ ചർച്ചകളിലൂടെ എഐഎംഐഎമ്മിന്റെ ദേശീയ മുഖമായി മാറിയ അസീം വഖാറിന്റെ കോൺഗ്രസ് പ്രവേശനം യുപിയിൽ കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സഖ്യത്തിന് വലിയ രാഷ്ട്രീയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

