ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsജീപ്പിന് മുകളിലേക്ക് മറിയുന്ന ലോറി
ലഖ്നോ: ഉത്തർപ്രദേശിലെ രാംപൂരിൽ ജീപ്പിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കോൽ കയറ്റി വരുകയായിരുന്ന ലോറി ഡിവൈഡറിൽ തട്ടി തൊട്ടടുത്തുണ്ടായിരുന്ന ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. നൈനിറ്റാൽ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ജീപ്പ്ഡ്രൈവർ വൈദ്യുതി വകുപ്പിലെ സബ് ഡിവിഡണർ ഓഫീസർ ഫിരാസത്താണ് (54) മരിച്ചത്.
ലോറി വരുന്നത് കാണാതെ ജംങ്ഷനിൽ നിന്നും ജീപ്പ് തിരിക്കുന്നതിനിടെയാണ് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ലോറി ജീപ്പിന് മുകളിലേക്ക് വീണത്. ജീപ്പ് തിരിക്കുന്നത് കണ്ട ലോറി അപകടം ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തിരിയുന്നതിനിടെ ലോറിയുടെ ചക്രം ഡിവൈഡറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
ബൊലേറോയിൽ ഉത്തർപ്രദേശ് സർക്കാർ എന്നെഴുതിയിരുന്നു. അപകടത്തിൽ ജീപ്പ് മുഴുവനായും തകർന്നിട്ടുണ്ട്. അമിതമായി ചരക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. അപകടം നടക്കുന്ന സമയത്ത് ജീപ്പിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ജെ.സി.ബി കൊണ്ട് വന്ന് ലോറി പൊക്കിയെടുത്ത ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദീർഘനേരം ഗതാഗതം സ്തംഭിച്ചിരുന്നു. പിന്നീട് അധികൃതർ സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

