ഉപതെരഞ്ഞെടുപ്പിനായി ഒരു മണ്ഡലത്തിൽ ഒഴുക്കിയത് 600 കോടി?; ഇത് മുനുഗോഡെ മോഡൽ
text_fieldsഹൈദരാബാദ്: ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തെലങ്കാനയിലെ മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ ഒഴുകിയത് 600ലേറെ കോടി രൂപയെന്ന് ആരോപണം. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫോറം ഫോർ ഗുഡ് ഗവേണൻസി'(എഫ്.ജി.ജി)ന്റേതാണ് കണ്ടെത്തൽ. വിവിധ സ്ഥാനാർത്ഥികൾക്കു വേണ്ടി ആകെ 627 കോടി രൂപയാണ് മണ്ഡലത്തിൽ ചെലവിട്ടതെന്ന് എഫ്.ജി.ജി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
ഈ മാസം മൂന്നിനായിരുന്നു മുനുഗോഡെ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എയായിരുന്ന കെ. രാജഗോപാൽ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)ക്കും ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ അഭിമാനപോരാട്ടമായിരുന്നു. ദേശീയശ്രദ്ധയാകർഷിച്ച മുനുഗോഡെ ഉപതെരഞ്ഞെടുപ്പ് രാജ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുകിയ തെരഞ്ഞെടുപ്പാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടി.ആർ.എസിന് സർക്കാരിന്റെ കരുത്തറിയിക്കാനും ജനഹിതം പരിശോധിക്കാനുമുള്ള അവസരമായിരുന്നു ഇത്. ഒരുപക്ഷെ, ഫലം അനുകൂലമാണെങ്കിൽ കാലാവധി പൂർത്തിയാക്കും മുൻപെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനം പിടിച്ചടക്കാനുള്ള പുതിയ കരുനീക്കങ്ങളിലെ നിർണായകഘട്ടമായിരുന്നു ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ദേശീയനേതൃത്വം നിരന്തരം തെലങ്കാനയിലെത്തുന്നത് ഈയൊരു ലക്ഷ്യത്തിലാണെന്നതു വ്യക്തമാണ്. കോൺഗ്രസിന് സിറ്റിങ് സീറ്റ് നിലനിർത്തണം. അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രസക്തി നിലനിർത്തുകയും വേണമായിരുന്നു.
ഓരോ വോട്ടർക്കും 9,000 രൂപ; ഓരോ റാലിക്കും ബിരിയാണി-മദ്യപ്പാര്‍ട്ടിയും
2,41,805 വോട്ടർമാരാണ് മുനുഗോഡ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇതിൽ 75 ശതമാനം പേർക്കും പാർട്ടികളിൽനിന്ന് പണം ലഭിച്ചിട്ടുണ്ടെന്നാണ് എഫ്.ജി.ജി പരാതിയിൽ പറയുന്നത്. ഒരു വോട്ടർക്ക് 9,000 രൂപ നിരക്കിലാണ് ഫണ്ടൊഴുകിയത്. ഈയിനത്തിൽ മാത്രം 152 കോടി രൂപയാണ് ആകെ വരുന്നതെന്ന് എഫ്.ജി.ജി സെക്രട്ടറി എം. പത്മനാഭ റെഡ്ഡി ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ ലിറ്റർ കണക്കിന് മദ്യമാണ് മണ്ഡലത്തിൽ ഒഴുകിയത്. വോട്ടർമാർക്ക് മദ്യം നൽകാനായി മാത്രം 300 കോടി രൂപയാണ് ചെലവായത്. പ്രചാരണ റാലികൾക്കായി 125 കോടിയും ചെലവായിട്ടുണ്ട്. 300 രൂപയും ബിരിയാണിയും മദ്യവും നൽകിയാണ് വോട്ടർമാരെ റാലികൾക്കായി സംഘടിപ്പിച്ചതെന്നാണ് എഫ്.ജി.ജി സൂചിപ്പിക്കുന്നത്. ഓരോ റാലിക്കും ഒരാൾക്ക് 500 രൂപ വീതം ചെലവായിട്ടുണ്ടാകുമെന്നും പത്മനാഭ റെഡ്ഡി പറയുന്നു.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് എഫ്.ജി.ജി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം ഉച്ചവരെ 'പണമില്ലെങ്കിൽ വോട്ടില്ല' എന്നു തുടങ്ങിയ പ്ലക്കാർഡുകളുമായി ജനങ്ങൾ റോഡ് ഉപരോധിക്കുന്ന കാഴ്ചകൾ വരെ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും എഫ്.ജി.ജി സെക്രട്ടറി പത്മനാഭ റെഡ്ഡി ആറോപിക്കുന്നു.
ചിക്കനും മട്ടനും സ്വർണവും ദീപാവലി സമ്മാനങ്ങളും
എഫ്.ജി.ജി പുറത്തുവിട്ട കണക്കുകൾക്കു പുറമെ വേറെയും തരത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോടികൾ ഒഴുകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ദീപാവലി, ദസറ ഉത്സവകാലമായതിനാൽ അത്തരത്തിലും വോട്ടർമാരുടെ 'സുവർണകാല'മായിരുന്നു ഇത്. ഉത്സവകാലത്ത് വോട്ടർമാർക്ക് ചിക്കൻ, മട്ടൻ വിഭവങ്ങളും മദ്യവും വ്യാപകമായി വിതരണം ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
നാലിലേറെ വോട്ടർമാരുള്ള വീടുകളിൽ 10 ഗ്രാം സ്വർണം വരെയാണ് ദീപാവലി സമ്മാനമായി എത്തിയതെന്ന് ഒക്ടോബർ 12ന് 'ഇന്ത്യ ടുഡേ' പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു. നാലിൽ കുറഞ്ഞ വോട്ടർമാരുള്ള വീടുകളിൽ 20,000 മുതൽ 40,000 രൂപ വരെ ലഭിച്ചവരുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എം.എൽ.എയായിരുന്ന രാജഗോപാൽ റെഡ്ഡിയെ തന്നെ കോടികൾ നൽകിയാണ് ബി.ജെ.പി റാഞ്ചിയതെന്ന് ടി.ആർ.എസ് ആരോപിച്ചിരുന്നു. റെഡ്ഡിയുടെ നിർമാണ കമ്പനിക്ക് 18,000 കോടിയുടെ കരാർ നൽകിയെന്നാണ് ആരോപണം. തെലങ്കാന പിടിക്കാനുള്ള ദൗത്യംകൂടി ഏൽപിച്ചാണ് ഈ കുതിരക്കച്ചവടമെന്ന് ആരോപണമുയർന്നിരുന്നു.
വോട്ടെണ്ണിയപ്പോൾ ബി.ജെ.പിയും കോൺഗ്രസും ഞെട്ടി
രാജഗോപാൽ റെഡ്ഡിയെ തന്നെയായിരുന്നു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇറക്കിയത്. മുൻ എം.എൽ.എ പ്രഭാകർ റെഡ്ഡിയായിരുന്നു ടി.ആർ.എസ് സ്ഥാനാർത്ഥി. കോൺഗ്രസ് മുൻ പാർലമെന്റ് അംഗം ഗോവർധൻ റെഡ്ഡിയുടെ മകൾ ശ്രാവന്തി റെഡ്ഡിയെയും മത്സരിപ്പിച്ചു. മൂന്നുപേരുമടക്കം ആകെ 47 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പിയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ടി.ആർ.എസിനായിരുന്നു ജയം. 11,666 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രഭാകർ റെഡ്ഡിയുടെ ജയം.നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 93 ശതമാനത്തിന്റെ റെക്കോർഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

