ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 5242 കോവിഡ് കേസുകൾ; മരണം 3000 കടന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ റെക്കോർഡ് വർധന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5242 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വർധനവാണുണ്ടായത്. 24 മണിക്കൂറിനുള്ളിൽ 157 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി ഉയർന്നു. രാജ്യത്ത് 36,824 േപർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. 56,316 പേർ ചികിത്സയിലുണ്ട്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 33,053 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2347 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച 63 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1198 ആയി ഉയർന്നു.
ഗുജറാത്തിൽ ഞായറാഴ്ച 34 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 659 ആയി. ഇതുവരെ 11379 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 4499 പേർക്ക് അസുഖം ഭേദമായി.
ഡൽഹിയിൽ കഴിഞ്ഞ ദിവസം 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 160 ആയി. കോവിഡ് ബാധിതരുടെ എണ്ണം 10,054 ആയി ഉയർന്നു. 4485 പേർ രോഗമുക്തി നേടി.
തമിഴ്നാട്ടിലെ കോയേമ്പട് മാർക്കറ്റിൽ കോവിഡ് വ്യാപിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 11,224 ആയി. 78 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജസ്ഥാൻ 5409 കോവിഡ് ബാധിതരും 131 മരണവും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ് 4,977 (248), ഉത്തർപ്രദേശ് 4,259 (104), പശ്ചിമബംഗാൾ 2,677 (238) എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽ കഴിഞ്ഞ ദിവസം 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 100 ഓളം പേർ ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
