അടിയന്തിരത്തിന് മധുരപലഹാരം വിളമ്പിയില്ല; രാജസ്ഥാനിലെ 42ഓളം കുടുംബങ്ങൾക്ക് ഊരുവിലക്ക്
text_fieldsജയ്‌പുർ: രാജസ്ഥാനിലെ സിരോഹി ജില്ലയിൽ അടിയന്തിര ചടങ്ങിന് പരമ്പരാഗത മധുര പലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിന് 40ലേറെ കുടുംബങ്ങൾക്ക് ഊരുവിലക്ക്. ബാർലൂട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണ്ഡ്വാരിയ ഗ്രാമത്തിലാണ് സംഭവം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിന് മരണാനന്തര ചടങ്ങായ അടിയന്തിരത്തിന് ഒരുക്കിയ ഭക്ഷണത്തിൽ നെയ് മാൽപുവ വിളമ്പാൻ കഴിഞ്ഞിരുന്നില്ല. ചടങ്ങിനെത്തിയവർക്ക് ലളിതമായ ഭക്ഷണമാണ് അവർ വിളമ്പിയത്. അടിയന്തിരസദ്യകളിൽ പൊതുവേ വിളമ്പാറുള്ള മാൽപുവ നൽകാത്തത് സമുദായ മൂപ്പൻമാരെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന്, പന്ത്രണ്ടോളം മൂപ്പൻമാരുടെ നേതൃത്വത്തിൽ കുടുംബത്തെയും അവരെ പിന്തുണച്ച 42 കുടുംബങ്ങളെയും ജൂൺ 18ന് ഊരുവിലക്കാൻ ഉത്തരവിട്ടു.
ബഹിഷ്കരണത്തോടെ അവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് കുടുംബങ്ങൾ പറയുന്നു. ഗ്രാമത്തിലെ കിണറ്റിൽനിന്ന് വെള്ളമെടുക്കാനും കൃഷിയിടത്തിൽ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകാനും വിസമ്മതിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. തീരുമാനം ലംഘിക്കുന്നവർ 11,000 രൂപ പിഴയൊടുക്കണമെന്നും സാമൂഹികവിരുന്ന് നടത്തണമെന്നും മൂപ്പന്മാരുടെ കല്പനയുണ്ട്. ജൂൺ 20ന് തന്റെ ഒരു ബന്ധുവിന്റെ വിവാഹമായിരുന്നുവെന്നും ഊരുവിലക്ക് നിലനിൽക്കുന്നതിനാൽ പങ്കെടുത്തില്ലെന്നും വിലക്ക് ലംഘിച്ചാൽ പിഴയും സമൂഹവിരുന്നും നടത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ഗ്രാമവാസികളിലൊരാളായ ഗോപാൽ പറഞ്ഞു.
തുടർന്ന് ഇതുസംബന്ധിച്ച് കുടുംബങ്ങൾ ജൂൺ 20ന് ബാർലൂട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് വ്യാഴാഴ്ച കുടുംബങ്ങൾ സിരോഹി ജില്ലാ കലക്ടറെ സമീപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. അതേസമയം, തങ്ങൾക്ക് പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ബാർലൂട്ട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

