രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 കോവിഡ് ബാധിതർ, മരണം 379
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസം 20,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20,903 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,25,544 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 379 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 18,213 ആയി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
3,79,892 പേർ രോഗമുക്തി നേടി. 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 60.72 ശതമാനമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1,86,626 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 8178 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.
മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നിവയാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ.
തമിഴ്നാട്ടിൽ 4,343 പേർക്കാണ് വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. 98,000 പേർക്ക് തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരിൽ 63.6 ശതമാനവും ചെന്നൈയിലാണ്. കർണാടകയിൽ 18,000 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരുവിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ.
LATEST VIDEO
