Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെള്ളമില്ല,...

വെള്ളമില്ല, ടോയ്‍ലറ്റില്ല, വൈദ്യുതിയില്ല, ലാബില്ല, അധ്യാപകരില്ല... രാജ്യത്ത് കുട്ടികൾ പോലുമില്ലാത്ത സ്കൂളുകളുണ്ടെന്ന് നിതി ആയോഗ്

text_fields
bookmark_border
Niti Aayog Report
cancel

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾ പോലുമില്ലാതെ ആയിരക്കണക്കിന് സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുമായി നിതി ആയോഗ്. വെള്ളം, ടോയ്‍ലറ്റ്, വൈദ്യുതി, ലാബുകൾ തുടങ്ങി അധ്യാപകർ പോലുമില്ലാതെ സ്കൂളുകൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രൈമറി ക്ലാസുകൾക്ക് ശേഷം കുട്ടികൾ വൻതോതിൽ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് തുടരുന്നു. മാത്രമല്ല, സർക്കാർ സ്കൂളിലെ അധ്യാപകരിൽ 10 മുതൽ 15 ശതമാനം പേർക്ക് മാത്രമാണ് അവർ പഠിപ്പിക്കുന്ന വിഷയങ്ങളിൽപ്പോലും 60 ശതമാനം മാർക്ക് നേടാൻ കഴിയൂവെന്ന ഗുരുതര റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തുവിട്ടത്.

‘സ്കൂൾ എജൂക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ’ എന്ന പുതിയ റിപ്പോർട്ട് വ്യാഴാഴ്ചയാണ് നിതി ആയോഗ് പുറത്തു വിട്ടത്. ആയിരക്കണക്കിന് സ്കൂളുകളിൽ പ്രാഥമിക സൗകര്യങ്ങളായ ടോയ്‍ലറ്റോ കൈകഴുകാനുള്ള സംവിധാനം പോലും ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ എണ്ണം, കുട്ടികളുടെ എണ്ണം, പഠന നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്.

രാജ്യത്തെ 98,592 സ്കൂളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റ് സൗകര്യം ലഭ്യമല്ല. 61,540 സ്കൂളുകളിൽ ടോയ്‍ലറ്റുകൾ ഉപയോഗ ശൂന്യമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്കൂളുകളിലേക്കുള്ള വൈദ്യുതി ലഭ്യത ഒരു പതിറ്റാണ്ടിനിടെ മെച്ചപ്പെട്ടതായി കണക്കുകൾ പറയുന്നു. നേരത്തേ 55 ശതമാനമായിരുന്നതിൽനിന്ന് 91.9 ശതമാനമായി ഉയർന്നു. എന്നാൽപോലും 1.19ലക്ഷം സ്കൂളുകൾക്ക് ഇപ്പോഴും വൈദ്യുതി സംവിധാനം ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

14,505 സ്കൂളുകളിൽ വെള്ള സൗകര്യം ലഭ്യമല്ല. 59,829 സ്കൂളുകളിൽ കൈകഴുകാനുള്ള സൗകര്യം പോലുമില്ല. രാജ്യത്തെ 51.7 ശതമാനം സ്കൂളുകളിൽ സയൻസ് ലാബുകളില്ലെന്നും റി​പ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രാജ്യത്തെ 1,04,125 സ്കൂളുകളിൽ ഒരു ടീച്ചർ മാത്രമാണുള്ളത്. ഇതിൽതന്നെ 89 ശതമാനം സ്കൂളുകളും ഗ്രാമ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഝാർഖണ്ഡിലെ സർക്കാർ സ്കൂളുകളിൽ 47:1 എന്നതാണ് വിദ്യാർഥി-അധ്യാപക അനുപാതം. 10:1, 18:1 എന്നതാണ് ഏറ്റവും അനുയോജ്യമായ വിദ്യാർഥി -അധ്യാപക അനുപാതം എന്നും റിപ്പോർട്ടിൽ പറയുന്നു.

ബിഹാർ, ഝാർഖണ്ഡ്‌, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ പ്രാഥമിക അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനങ്ങൾ. ബിഹാറിൽ 2,08,784 ജാർഖണ്ഡിൽ 80,341 മധ്യപ്രദേശിൽ 47,122 എന്നിങ്ങനെയാണ് ഒഴിവുകൾ.

അധ്യാപകരുടെ നിലവാരത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഗണിതത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്​കോർ ചെയ്യാൻ രണ്ടു ശതമാനം അധ്യാപകർക്ക് മാത്രമാണ് കഴിയുന്നത്. ഇതിന്റെ ശരാശരി 46 ശതമാനമാണ്. കൂടാതെ, 14 ശതമാനം അധ്യാപന ദിവസങ്ങൾ സർവേകൾ, തിരഞ്ഞെടുപ്പുകൾ, ഭരണപരമായ ജോലികൾ തുടങ്ങിയവക്കായി നഷ്ടപ്പെടുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് പൂജ്യം എൻറോൾമെന്റുള്ള 7993 സ്കൂളുകളുണ്ടെന്ന് നിതി ആയോഗ് പറയുന്നു. 3812 സ്കൂളുകളുള്ള പശ്ചിമബംഗാളാണ് ഇതിൽ മുന്നിൽ. 2245 സ്കൂളുകളുള്ള തെലങ്കാനയാണ് രണ്ടാമത്. സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് 11.5 ശതമാനമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, കർണാടക, അസം എന്നിവയാണ് കൊഴിഞ്ഞുപോക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങൾ. ബീഹാറിൽ സെക്കൻഡറി വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം 2.98 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി ഉയർന്നു. ഉത്തർപ്രദേശിൽ ഇത് 0.52 ശതമാനത്തിൽ നിന്ന് 3.0 ശതമാനമായി ഉയർന്നതായും കണക്കുകൾ പറയുന്നു.

ഇന്ത്യ ജി.ഡി.പിയുടെ 4.6 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുകെയിലും യുഎസിലും ഇത് ഏകദേശം 5.9 ശതമാനവും ജർമ്മനിയിലും ഫ്രാൻസിലും ഏകദേശം 5.4 ശതമാനവുമാണ്. ഝാർഖണ്ഡ്‌, ഗുജറാത്ത്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളും മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടുമെന്നും നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplyStudentsniti aayogtoiletsgovernment schoolsTeacherElectricity line
News Summary - Over 1 Lakh Schools Lack water supply toilets electricity labs teachers and students Niti Aayog Report
Next Story