‘സമ്പൂർണമായ കൊല, നട്ടെല്ല് വിറപ്പിക്കുന്ന വാർത്ത’; എലികളുടെ കടിയേറ്റുള്ള നവജാത ശിശുക്കളുടെ മരണത്തിൽ രാഹുൽ
text_fieldsന്യൂഡൽഹി: ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചതിനെ ‘പൂർണ കൊലപാതകം’ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഇൻഡോറിൽ, മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചു. ഇത് യാദൃച്ഛികമല്ല, ഇത് പൂർണമായ കൊലപാതകമാണ്. ഈ സംഭവം വളരെ ഭയാനകവും മനുഷ്യത്വരഹിതവും വിവേകശൂന്യവുമാണ്. അതിനെക്കുറിച്ച് കേൾക്കുന്നത് പോലും നട്ടെല്ലിനെ വിറപ്പിക്കുന്നു’വെന്ന് രാഹുൽ ‘എക്‌സി’ൽ എഴുതി.
ആരോഗ്യ മേഖലയുടെ സ്വകാര്യവൽക്കരണം ദരിദ്രർക്ക് ആരോഗ്യ സംരക്ഷണം അപ്രാപ്യമാക്കി. സർക്കാർ ആശുപത്രികളെ പരിചരണത്തേക്കാൾ മരണ സ്ഥലങ്ങളാക്കി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും കോൺഗ്രസ് എം.പി പറഞ്ഞു.
ആരോഗ്യ മേഖലയെ സ്വകാര്യ വ്യക്തികൾക്ക് മനഃപൂർവം കൈമാറിയിരിക്കുകയാണ്. ഇപ്പോൾ ചികിത്സ സമ്പന്നർക്ക് മാത്രമുള്ളതാണ്. ദരിദ്രർക്ക് സർക്കാർ ആശുപത്രികൾ ഇനി ജീവൻ രക്ഷിക്കുന്നവയല്ല, മറിച്ച് മരണത്തിന്റെ ഗുഹകളായി അത് മാറിയിരിക്കുന്നു’വെന്ന് അദ്ദേഹം ‘എക്‌സി’ൽ എഴുതി. പ്രധാനമന്ത്രി മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിച്ചു തലകുനിക്കണം. നിങ്ങളുടെ സർക്കാർ രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരുടെ ആരോഗ്യ അവകാശം കവർന്നെടുത്തു. ഇപ്പോൾ കുട്ടികളെ അമ്മമാരുടെ മടിയിൽ നിന്ന് തട്ടിയെടുക്കുന്നു’.- രാഹുൽ ആഞ്ഞടിച്ചു.
എന്നാൽ, എലിയുടെ കടിയേറ്റല്ല, രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് ഭരണകൂടത്തിന്റെ വാദം. ബന്ധുക്കളുടെ ആഗ്രഹപ്രകാരം പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
എലികളുടെ ആക്രമണത്തിൽ മരിച്ച നവജാത ശിശുവിന് 1.60 കിലോഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂവെന്നും കുടൽ വൈകല്യം ഉൾപ്പെടെ വിവിധ ജന്മനാ വൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജിതേന്ദ്ര വർമ പറഞ്ഞു. പെൺകുട്ടിയുടെ ഇടതുകൈയുടെ രണ്ട് വിരലുകളിൽ എലികൾ കടിച്ചതായും ചെറിയ പോറലുകൾ ഉണ്ടായതായും ഡോക്ടർ വർമ പറഞ്ഞു. ചൊവ്വാഴ്ച ഇതേ ആശുപത്രിയിൽ എലികളുടെ കടിയേറ്റ് മറ്റൊരു നവജാത ശിശു കൂടി മരിച്ചു. ഈ കേസിൽ പോസ്റ്റ്‌മോർട്ടം നടത്തി.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ സംവിധാനങ്ങളിലൊന്നായ, 75 വർഷത്തോളം പഴക്കമുള്ള ആശുപത്രി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിങ് സന്ദർശിച്ചു. ആശുപത്രി മൂന്നാം കക്ഷി പരിശോധന നടത്തുമെന്നും അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും സിങ് പറഞ്ഞു.
സംഭവങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തെത്തുടർന്ന് നഴ്സിങ് സൂപ്രണ്ടിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും രണ്ട് നഴ്സിങ് ഓഫിസർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ചുമതലകൾ നിർവഹിക്കുന്നതിൽ ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്നാരോപിച്ച് പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. ബ്രജേഷ് ലഹോട്ടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
എം.വൈ.എച്ചിലെ അസിസ്റ്റന്റ് സൂപ്രണ്ട് കം ബിൽഡിങ് ഇൻ ചാർജിനെയും ഇൻ ചാർജ് നഴ്സിങ് ഓഫിസറെയും സസ്പെൻഡ് ചെയ്തു. എം.വൈ.എച്ചുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ കോൺട്രാക്ടർ സ്ഥാപനത്തിന് മുന്നറിയിപ്പ് കത്ത് നൽകുകയും ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

