Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷർജീൽ ഇമാം ‘ഭീകരവാദി’യെന്ന് കോൺഗ്രസ് നേതാവ്; പ്രസ്താവനയിൽ പ്രതിഷേധം

text_fields
bookmark_border
ഷർജീൽ ഇമാം ‘ഭീകരവാദി’യെന്ന് കോൺഗ്രസ് നേതാവ്; പ്രസ്താവനയിൽ പ്രതിഷേധം
cancel

ഗുവാഹത്തി: വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന ജെ.എൻ.യു ഗവേഷകൻ ഷർജീൽ ഇമാമിനെ ‘ഭീകരവാദി’യെന്ന് വിശേഷിപ്പിക്കുകയും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലണമെന്ന തരത്തിൽ പരാമർശിക്കുകയും ചെയ്ത് അസം കോൺഗ്രസ് വക്താവ് റീതം സിങ്. പരാമർശം വിവാദമായതോടെ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുൾപ്പെടെയുള്ള പ്രമുഖർ കോൺഗ്രസ് വക്താവിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഷർജീൽ ഇമാന്റെ രാഷ്ട്രീയ നിലപാടുകളെയും അടുത്തിടെ നൽകിയ അഭിമുഖത്തെയും വിമർശിച്ചുകൊണ്ടുള്ള ലേഖനത്തിന് മറുപടിയായാണ് റീതം സിങ് വിവാദപരമായ എക്സ് പോസ്റ്റുകൾ പങ്കുവെച്ചത്. ഷർജീൽ ഇമാന് അനുകൂലമായി സംസാരിക്കുന്നവർ 'ഐ.എസ്.ഐ.എസ് അനുഭാവികളാണെന്നും', അദ്ദേഹത്തിന് മോചനം ലഭിച്ചാൽ അസം പൊലീസ് തങ്ങളുടെ ശൈലിയിൽ ‘കൈകാര്യം’ ചെയ്യണമെന്നും സിങ് വാദിച്ചു. മറ്റൊരു പോസ്റ്റിൽ, ഷർജീൽ ഒരു ഭീകരവാദിയാണെന്നും ഭൂമിക്ക് ആറടി മണ്ണിനടിയിലായിരിക്കുമ്പോഴാണ് ഒരു ഭീകരവാദി നല്ല ഭീകരവാദിയാകുന്നതെന്നും അദ്ദേഹം പരാമർശിച്ചു. 2020ലെ സി.എ.എ വിരുദ്ധ സമരകാലത്ത് സിലിഗുരി ഇടനാഴിയെക്കുറിച്ച് ഷർജീൽ നടത്തിയ പ്രസ്താവന വടക്കുകിഴക്കൻ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും സിങ് ആരോപിച്ചു.

ഇമാമിനോട് അനുഭാവം പുലർത്തുന്നത് ദാവൂദ് ഇബ്രാഹിമിനോടോ നാഥുറാം ഗോഡ്‌സെയോടോ അനുഭാവം പുലർത്തുന്നതിന് തുല്യമാണെന്നും സിങ് പറഞ്ഞു. 2020ൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് വിവാദത്തിന്റെ കേന്ദ്രം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി തടയുന്നതിനെക്കുറിച്ച് ഇമാം പ്രസംഗത്തിൽ സംസാരിച്ചിരുന്നു. ‘ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്ന ഈ ഇടനാഴിയെക്കുറിച്ചുള്ള പരാമർശം വടക്കുകിഴക്കൻ ജനതക്ക് ഭീഷണിയാണെന്നാണ് സിങ്ങിന്റെ വാദം.

തുടർന്ന്, കോൺഗ്രസ് വക്താവിന്റെ പ്രസ്താവനക്കെതിരെ മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ആരെങ്കിലും ഒരു വ്യക്തിയുടെ ആശയങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിൽ പോലും, ഭരണഘടനാപരമായ തത്വങ്ങളെയും നിയമവ്യവസ്ഥയെയും തള്ളിപ്പറയാനോ നിയമവിരുദ്ധമായ അതിക്രമങ്ങളെ പിന്തുണക്കാനോ പാടില്ലെന്ന് മാധ്യമപ്രവർത്തകയായ രോഹിണി സിങ് വ്യക്തമാക്കി. ഒരു വ്യക്തി ഭരണഘടനയെ തള്ളിപ്പറഞ്ഞാൽ പോലും ഭരണഘടന ആ വ്യക്തിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും, ആ അടിസ്ഥാന തത്വമാണ് റീതം സിങ്ങിന് നഷ്ടപ്പെട്ടതെന്നും അവർ ചൂണ്ടിക്കാണിച്ചു.

സിങ്ങിന്റെ പരാമർശങ്ങൾ ഇസ്‌ലാമോഫോബിയയെ സാധാരണവൽക്കരിക്കുന്നതാണെന്ന് മറ്റ് വിമർശകരും ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്നും അവർ ചോദിച്ചു. എക്സിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ ടാഗ് ചെയ്ത്, “ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ?” എന്ന് ഉപയോക്താക്കൾ ചോദിച്ചു. ആറ് വർഷമായി വിചാരണ പോലും നടക്കാതെ തടവിൽ കഴിയുന്ന ഒരു വ്യക്തിക്കെതിരെ പാർട്ടിയുടെ വക്താവ് തന്നെ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുന്നത് ബി.ജെ.പിയുടെ നിലപാടുകളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Outrage as Assam Congress spokesperson calls for encounter and torture of Sharjeel Imam
Next Story