പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന; പുരപ്പുറ സോളാർ 50 ലക്ഷം വീടുകളിലെത്തി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പുരപ്പുറ സോളാർ പദ്ധതിയായ പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായി രാജ്യത്ത് 50.06 ലക്ഷം വീടുകളിൽ സൗരോർജ സംവിധാനം സ്ഥാപിച്ചതായി കേന്ദ്ര നവീന-പുനരുപയോഗ ഊർജ മന്ത്രാലയം. പദ്ധതി ആരംഭിച്ച് രണ്ടുവർഷത്തിനിടെയാണ് ഈ നേട്ടം. അതിനുമുമ്പുള്ള പത്തുവർഷത്തിനിടെ രാജ്യത്ത് സ്ഥാപിക്കപ്പെട്ട റൂഫ്ടോപ്പ് സൗരോർജ സംവിധാനങ്ങളുടെ എണ്ണം 7.94 ലക്ഷമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
75,021 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയെ ലോകത്തിലെ ഏറ്റവും വലിയ പുരപ്പുറ സൗരോർജ പദ്ധതിയായാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. 2025 ഒക്ടോബറിൽ പ്രതിദിനം 5,038 സോളാർ സംവിധാനങ്ങളാണ് സ്ഥാപിച്ചിരുന്നതെങ്കിൽ എട്ടുമാസത്തിനുശേഷം അത് 16,328 ആയി ഉയർന്നു. ജൂലൈ മാസത്തിൽ മാത്രം 5.06 ലക്ഷം വീടുകളിൽ സൗരോർജ സംവിധാനം സ്ഥാപിച്ചു.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 28,024 കോടി രൂപയുടെ സബ്സിഡി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഇതോടെ ഏകദേശം 19 ലക്ഷം കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ പൂജ്യമായതായും മന്ത്രാലയം അറിയിച്ചു.
അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ഗ്രിഡിലേക്ക് നൽകുന്നതിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 12 ലക്ഷത്തിലധികം കുടുംബങ്ങൾ ചേർന്ന് 421 കോടി രൂപ വരുമാനം നേടിയതായും, വൈദ്യുതി വിൽക്കുന്ന ഓരോ കുടുംബത്തിനും ശരാശരി വർഷം 3,500 രൂപ അധിക വരുമാനം ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

