ലഖ്നോ: ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു. യു.പിയിലെ ഹാഥറസിലാണ് സംഭവം.
2018ലാണ് ഗൗരവ് ശർമ എന്നയാൾക്കെതിരെ ലൈംഗിക പീഡനത്തിന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. കേസിൽ അറസ്റ്റിലായി കുറച്ചുകാലം ജയിലിൽ കഴിഞ്ഞ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച വൈകീട്ട് പ്രതിയുടെയും ലൈംഗികാക്രമണം നേരിട്ട പെൺകുട്ടിയുടെയും കുടുംബങ്ങൾ തമ്മിൽ ഗ്രാമത്തിൽ വെച്ച് വാക്കേറ്റമുണ്ടായി.
പ്രകോപിതനായ പ്രതി കൂട്ടാളികളുമായെത്തി യുവതിയുടെ പിതാവിനെ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.