‘ജംഗ്ൾ രാജ് ഭയന്ന്ഞങ്ങളുടെ പ്രവർത്തകർ എൻ.ഡി.എക്ക് വോട്ട് ചെയ്തു'
text_fieldsപ്രശാന്ത് കിഷോർ
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങി ‘സംപൂജ്യ’രായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടി പരാജയ കാരണമായി മുന്നോട്ടുവെച്ചത് വിചിത്ര ന്യായങ്ങൾ. തങ്ങളുടെ പ്രവർത്തകരിൽ വലിയൊരു വിഭാഗം എൻ.ഡി.എ മുന്നണിക്ക് വോട്ടുചെയ്തുവെന്ന് പട്നയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കവെ പാർട്ടി ദേശീയ പ്രസിഡന്റ് ഉദയ് സിങ് പറഞ്ഞു.
ആർ.ജെ.ഡിയുടെ ജംഗ്ൾ രാജിനെ ഭയന്നാണ് ഇങ്ങനെ വോട്ടുമാറി ചെയ്തതെന്നും മുൻ ബി.ജെ.പി എം.പികൂടിയായ ഉദയ് പറഞ്ഞു. ‘‘ഇവിടെ ഒരു ജംഗ്ൾ രാജ് ഉള്ളതായി തോന്നിയിട്ടില്ല. എന്നാൽ, ആർ.ജെ.ഡിയിലൂടെ അതു സംഭവിക്കുമെന്ന് ഞങ്ങളുടെ പ്രവർത്തകർ ഭയപ്പെട്ടു. അതിനാലാണ് അവർ ബി.ജെ.പിക്കും ജെ.ഡി.യുവിനും വോട്ട് ചെയ്തത്’’ -അദ്ദേഹം പറഞ്ഞു.
ഉദയ് സിങ്ങിന്റെ മറ്റു നിരീക്ഷണങ്ങൾ ഇങ്ങനെ: ഡൽഹി സ്ഫോടനത്തിനുശേഷം സീമാഞ്ചലിൽ വർഗീയ ധ്രുവീകരണമുണ്ടായി. മുസ്‍ലിം വോട്ടർമാർ പിന്നെ തങ്ങളെ വിശ്വാസത്തിലെടുത്തില്ല. അതു തിരിച്ചടിയായി. വോട്ട് പിടിക്കാൻ നിതീഷ് സർക്കാർ ഇറക്കിയത് 40,000 കോടി രൂപ. സൗജന്യങ്ങൾ നൽകിയാണ് എൻ.ഡി.എ അധികാര തുടർച്ച കരസ്ഥമാക്കിയത്; അതിനാൽ, സർക്കാറിനെതിരായ വിമർശനങ്ങൾ തുടരും. ഇപ്പോഴും ഭരണമുന്നണിക്ക് 50 ശതമാനത്തിൽ താഴെ വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ, സംസ്ഥാനത്ത് പ്രതിപക്ഷത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

