അഹ്മദാബാദ് വിമാന ദുരന്തം; അനുശോചനം അറിയിച്ച് വിമാന കമ്പനി ചെയർമാൻ എൻ. ചന്ദ്രശേഖരൻ
text_fieldsഎൻ. ചന്ദ്രശേഖരൻ
അഹ്മദാബാദ്: വിമാന ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ടാറ്റാ ചെയർമാൻ എൻ. ചന്ദ്രശേഖരൻ. അടിയന്തര സഹായ കേന്ദ്രം സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. ടാറ്റയുടെ സ്വകാര്യ വിമാന സേവന സംവിധാനം ആണ് എയർ ഇന്ത്യ.
'അഹ്മദാബാദ്-ലണ്ടൻ സർവീസ് നടത്തുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇന്ന് ദാരുണമായ അപകടത്തിൽ പെട്ട വിവരം അഗാധമായ ദുഃഖത്തോടെ ഞാൻ സ്ഥിരീകരിക്കുന്നു. വിനാശകരമായ ഈ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പമാണ് ഞങ്ങളും. മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഈ നിമിഷം, ദുരിതബാധിതരായ എല്ലാ ആളുകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ.
സ്ഥലത്തെ അടിയന്തര പ്രതികരണ സംഘങ്ങളെ സഹായിക്കുന്നതിനും ബാധിച്ചവർക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകുന്നതിനും ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. കൂടുതൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അപ്‌ഡേറ്റുകൾ പങ്കിടും. ഒരു അടിയന്തര കേന്ദ്രം സജീവമാക്കിയിട്ടുണ്ട്. വിവരങ്ങൾ തേടുന്ന കുടുംബങ്ങൾക്കായി പിന്തുണാ സംഘം സജ്ജീകരിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. ലണ്ടനിലേക്ക് പോകുകയായിരുന്നു വിമാനം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 110 യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

