ഇന്ത്യയിൽ ഒരു ഹിറ്റ്ലർ ഉണ്ടാവില്ലെന്ന് മോഹൻ ഭാഗവത്; 'ഇന്ത്യൻ ദേശീയത ആർക്കും ഭീഷണിയല്ല'
text_fieldsന്യൂഡൽഹി: ഇന്ത്യൻ ദേശീയത ആർക്കും ഒരു ഭീഷണിയായി മാറുന്നില്ലെന്നും അതിനാൽ ഇന്ത്യയിൽ ഒരു ഹിറ്റ്ലർ ഉണ്ടാകില്ലെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ലോകം ഒരു കുടുംബമാണെന്നുള്ള ആശയമാണ് ഇന്ത്യൻ ദേശീയത മുന്നോട്ട് വെക്കുന്നത്. ഈ ആശയം ഒരു രാജ്യത്തിനും ഭീഷണിയല്ല. ന്യൂഡൽഹിയിൽ യു.പി.എസ്.സി മത്സരാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
'നമ്മുടെ ദേശീയത മറ്റുള്ളവർക്ക് ഭീഷണി ഉയർത്തുന്നില്ല. ഇന്ത്യൻ ദേശീയത മുന്നോട്ടുവെക്കുന്നത് ലോകം ഒന്നാണെന്ന ആശയമാണ്. അതുകൊണ്ട് ഇന്ത്യയിൽ ഒരു ഹിറ്റ്ലർ ഉണ്ടാവില്ല. ഇനി ആരെങ്കിലുമുണ്ടായാൽ ജനങ്ങൾ അദ്ദേഹത്തെ താഴെയിറക്കും' -മോഹൻ ഭാഗവത് പറഞ്ഞു.
ഇന്ത്യയുടെ ദേശീയത എന്ന ആശയം മതത്തിലും ഭാഷയിലും പൊതുതാൽപര്യത്തിലും അധിഷ്ഠിതമായ ദേശീയതയുടെ മറ്റ് സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ദേശീയത എന്ന സങ്കൽപ്പത്തിന്റെ ഭാഗമാണ് വൈവിധ്യമെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു.