ഇന്ത്യക്കുണ്ട് കൃത്രിമ ഉപഗ്രഹ ‘സൈന്യം’; പാക് ആക്രമണം ചെറുക്കാൻ ഉപഗ്രഹ സഹായം നിർണായകമായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsന്യൂഡൽഹി: രാജ്യസുരക്ഷ ഉറപ്പാക്കാൻ 10ലധികം ഇന്ത്യന്‍ കൃത്രിമ ഉപഗ്രഹങ്ങൾ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി. നാരായണൻ. പാക് ഡ്രോണുകളെയും മിസൈൽ ആക്രമണങ്ങളെയും തിരിച്ചറിഞ്ഞ് നേരിടുന്നതിൽ ഇവയുടെ സഹായം സായുധ സേനക്ക് നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനക്ക് ശത്രുവിന്റെ ആക്രമണങ്ങളെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ കൃത്യമായി നേരിടാനായി. എല്ലാ ഉപഗ്രഹങ്ങളും പൂർണ കൃത്യതയോടെ പ്രവർത്തിച്ചു. ആദ്യകാലങ്ങളിൽ, രാജ്യത്തിന്റെ ഉപഗ്രഹ കാമറകളുടെ റെസലൂഷൻ 36 സെന്റിമീറ്ററിനും 72 സെന്റിമീറ്ററിനും ഇടയിലായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യക്ക് ചന്ദ്രന്റെ ഓർബിറ്റിൽ ഹൈ റസലൂഷൻ കാമറയുണ്ട്. 26 സെന്റിമീറ്റർ റെസലൂഷൻ മികവിൽ വരെ ചിത്രീകരിക്കാൻ ശേഷിയുള്ള കാമറകൾ ഇന്ന് രാജ്യത്തിന്റെ ഉപഗ്രഹങ്ങളിൽ സജ്ജമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെയർമാൻ പറഞ്ഞു.
രാജ്യത്തെ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കിയാണ് ഇന്ത്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. കുറഞ്ഞത് 50 ഉപഗ്രഹങ്ങളെങ്കിലും സുരക്ഷ മേഖലയിൽ സേവനം നൽകുന്നുണ്ട്. മംഗൾയാൻ ഓർബിറ്റർ ദൗത്യത്തിന് പിന്നാലെ, മറ്റൊരു ലാൻഡിങ് ദൗത്യത്തിലും ഐ.എസ്.ആർ.ഒ പങ്കാളിയാണ്. ഈ ദൗത്യം അടുത്ത 30 മാസങ്ങൾക്കുള്ളിൽ സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

