ലൈംഗികാതിക്രമ കേസ്; ഓസ്‌കർ ജേതാവായ കനേഡിയൻ സംവിധായകൻ പോൾ ഹാഗിസ് അറസ്റ്റിൽ
text_fieldsപോൾ ഹാഗിസ്
റോം: ഓസ്‌കർ ജേതാവായ കനേഡിയൻ സംവിധായകൻ പോൾ ഹാഗിസിനെ ലൈംഗികാതിക്രമ കേസിൽ തെക്കൻ ഇറ്റലിയിൽ അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ വാർത്താ ഏജൻസികൾ ഞായറാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിദേശ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നടപടി.
ഗുരുതരമായ ലൈംഗികാതിക്രമം, പരിക്കേൽപ്പിക്കൽ എന്നിവയാണ് ഹാഗിസിനെതിരായ കുറ്റങ്ങളെന്ന് ബ്രിണ്ടിസിയിലെ പ്രോസിക്യൂട്ടർമാർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, തന്റെ അഭിഭാഷകൻ മിഷേൽ ലഫോർജിയ മുഖേന ഹാഗിസ് ആരോപണങ്ങൾ നിഷേധിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ഹാഗിസ് താൻ നിരപരാധിയാണെന്നാണ് പറയുന്നത്.
69 കാരനായ ഹാഗിസ് രചനയും സംവിധാനവും നിർവ്വഹിച്ച ഓസ്‌കാർ പുരസ്‌കാര ചിത്രം 'ക്രാഷ്' ബ്രിണ്ടിസി പ്രവിശ്യയിലെ ഒസ്തുനി നഗരത്തിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന അലോറ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് ഒരുങ്ങുകയായിരുന്നു. പീഡനത്തിനിരയായ യുവതി ഫെസ്റ്റിവലിന്‍റെ ഭാഗമായി ഹാഗിസിനൊപ്പം ഉണ്ടായിരുന്നു. കുറച്ചു കാലം മുമ്പ് പരിചയപ്പെട്ട യുവതിയെ ലൈംഗിക ബന്ധത്തിന് ഹാഗിസ് നിർബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാതായപ്പോഴാണ് ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടിയെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

