ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘടനകൾ
text_fieldsന്യൂഡൽഹി: മുസ്ലിം വിരുദ്ധ വംശീയാധിക്ഷേപം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത്. ബിധുരിയെ സഭയിൽനിന്ന് പുറത്താക്കണമെന്നും അയോഗ്യത കൽപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്
ഇത് കേവലം വ്യക്തിക്കെതിരായ പരാമർശമല്ലെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ഫോണിലൂടെ ഡാനിഷ് അലിക്ക് പിന്തുണ അറിയിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡാനിഷ് അലിയെ സന്ദർശിച്ച് പിന്തുണ അറിയിച്ചു. മുസ്ലിം ലീഗ് ഡൽഹി ജനറൽ സെക്രട്ടറി ഫൈസൽ ഷെയ്ഖ്, കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീം, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ പി.വി. അഹമ്മദ് സാജു, പി. അസ്ഹറുദ്ദീൻ എന്നിവരും കൂടെയുണ്ടായിരുന്നു.
ജംഇയ്യതുൽ ഉലമായെ ഹിന്ദ്
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ നാണക്കേടുണ്ടാക്കിയ സംഭവമാണ് ബിധുരിയുടെ പരാമർശങ്ങളെന്ന് കുറ്റപ്പെടുത്തിയ ജംഇയ്യതുൽ ഉലമായെ ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ മൗലാന അർശദ് മദനി, നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
ഡാനിഷ് അലിക്കെതിരെ പാർലമെന്റിൽ അപകീർത്തികരമായ ഭാഷയിൽ സംസാരിച്ച രമേഷ് ബിധുരിയെ അയോഗ്യനാക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ ഇല്യാസ് ആവശ്യപ്പെട്ടു. ബിധുരി വിഷം ചീറ്റിക്കൊണ്ടിരിക്കെ തടയാനോ ഇടപെടാനോ തയ്യാറാകാതിരുന്ന ചെയറിലുണ്ടായിരുന്ന കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷിന്റെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്നും ഇല്യാസ് വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ്
രമേശ് ബിധുരിയുടെ പരാമർശങ്ങൾ സംസ്കാരമുള്ള ഏതൊരു സമൂഹത്തെയും രോഷാകുലരാക്കുന്നതും പാർലമെന്റിന്റെ അന്തസ്സിടിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ മാധ്യമ സെക്രട്ടറി കെ.കെ. സുഹൈൽ വിമർശിച്ചു.
ഒരു പാർലമെന്റ് അംഗത്തെ അയാളുടെ മതപരമായ അസ്തിത്വം പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുന്നത് ഇന്ത്യയിൽ മുസ്ലിം സമുദായത്തോടുള്ള വിദ്വേഷത്തിന്റെ തെളിവാണെന്നും സുഹൈൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

