വൻകിട കമ്പനികൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് തടഞ്ഞു
text_fieldsമുംബൈ: വൻകിട വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകൾ വഴി ഇന്ധനം വാങ്ങുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിട്ടു. നിലവിൽ 90 ദിവസത്തേക്കാണ് ഈ നിയന്ത്രണമെങ്കിലും, സാഹചര്യം വിലയിരുത്തി കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. പമ്പുകളിലെ റീട്ടെയിൽ വിലയും മൊത്തവ്യാപാര നിരക്കും തമ്മിലുള്ള വൻ വിലവ്യത്യാസം മുതലെടുത്ത് വ്യവസായ സ്ഥാപനങ്ങൾ വ്യാപകമായി പൊതു പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിൽ വില കുറച്ചിരുന്നു. ഡൽഹിയിലെ നിരക്ക് പ്രകാരം പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയായിരുന്നപ്പോൾ മൊത്തവ്യാപാര നിരക്ക് 134.50 രൂപയായിരുന്നു. ഈ വിലക്കുറവ് ലക്ഷ്യമിട്ട് വൻകിട കമ്പനികൾ പൊതു പമ്പുകളിൽ നിന്ന് ഇന്ധനം വൻതോതിൽ വാങ്ങിക്കൂട്ടിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അസ്വാഭാവികമായ ഇന്ധന ഡിമാൻഡും കൃത്രിമ ക്ഷാമവും അനുഭവപ്പെട്ടു. വൻകിടക്കാരുടെ ഈ കടന്നുകയറ്റം സാധാരണക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതേ തുടർന്നാണ് കേന്ദ്രം പുതിയ നിയന്ത്രണത്തിലേക്ക് നീങ്ങിയത്.
പുതിയ ഉത്തരവ് പ്രകാരം പമ്പുകളിൽ നിന്ന് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കിൽ അംഗീകൃത കാനുകളിലേക്കോ മാത്രമേ ഇന്ധനം വാങ്ങാൻ സാധിക്കൂ. ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ പമ്പുകൾക്ക് നൽകാൻ അനുവാദമുള്ളൂ. ഇങ്ങനെ വാങ്ങുന്ന ഇന്ധനം വാണിജ്യ ആവശ്യങ്ങൾക്കായി മറിച്ചുവിൽക്കാനും പാടില്ല. ഇന്ധന പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അനധികൃത വില്പന എന്നിവ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

