തൃണമൂലിന്റെ കോടികൾ മരവിപ്പിച്ച ഉത്തരവ്; വിമർശനവുമായി കൽക്കട്ട ഹൈകോടതി
text_fieldsകൊൽക്കത്ത ഹൈകോടതി
ന്യൂഡൽഹി: മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ഏറെ ആശ്വാസവും ബി.ജെ.പിക്കും അവർ പിന്തുണക്കുന്ന തൃണമൂൽ വിമതർക്കും തിരിച്ചടിയുമായ ഉത്തരവിൽ, പശ്ചിമ ബംഗാൾ പൊലീസിന്റെ നിർദേശപ്രകാരം മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ പാർട്ടിയുടെ നിത്യനിദാന ചെലവുകൾക്ക് പണം വിനിയോഗിക്കാൻ കൽക്കട്ട ഹൈകോടതി അനുമതി നൽകി. തൃണമൂലിന്റെ അക്കൗണ്ടുകളിലുള്ള കോടികൾ കൈപ്പിടിയിലൊതുക്കാൻ ബി.ജെ.പി സഹായത്തോടെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതർ നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഹൈകോടതിയുടെ ഇടപെടൽ.
തൃണമൂലിന്റെ പാർട്ടി പേരിനും ചിഹ്നത്തിനും വേണ്ടിയല്ല, മറിച്ച് പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ അക്കൗണ്ടുകളിലെ തുകയത്രയും പിടിച്ചെടുക്കണമെന്ന കണക്കുകൂട്ടലിലാണ് വിമതരെ യഥാർഥ തൃണമൂലായി സ്ഥാപിക്കാനുള്ള പരിശ്രമം ബി.ജെ.പി നടത്തുന്നത്. 11 അക്കൗണ്ടുകളിലായി ഉണ്ടെന്ന് വിമതർ അവകാശപ്പെടുന്ന ഏകദേശം ഒരു ലക്ഷം കോടി രൂപ മമതയുടെ നിന്ത്രണത്തിൽ നിന്ന് പിടിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിനിടയിൽ ബി.ജെ.പിയുടെയും വിമതരുടെയും ഒരുമിച്ചുള്ള ഓപറേഷനാണ് ബംഗാളിൽ നടക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് മാത്രം 5600 കോടി രൂപയുണ്ടെന്നാണ് വിമത നേതാവ് ഋതബ്രത ബാനർജി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടയിലാണ് ബി.ജെ.പിക്കും വിമതർക്കും തിരിച്ചടിയായ ഹൈകോടതി ഇടപെടൽ.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മിന്നൽ വേഗതയിൽ മരവിപ്പിച്ചതിന് ബി.ജെ.പി സർക്കാറിനെയും ബംഗാൾ പൊലീസിനെയും കോടതി വിമർശിച്ചു. അക്കൗണ്ടുകളുടെ പരിപാലനത്തിന് ജസ്റ്റിസ് സുബ്രത താലൂക്ക്ദാറിനെ സെപ്റ്റംബർ 30 വരെ സ്പെഷൽ ഓഫിസറായി നിയമിച്ചു. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മമതക്കും പാർട്ടിക്കും പ്രവർത്തിപ്പിക്കാം. നിയമപരമായ ചെലവുകൾക്കും ദൈനംദിന ചെലവുകൾക്കും ആവശ്യമായ പണം മാത്രമേ അക്കൗണ്ടിൽ നിന്ന് ഉപയോഗിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

