കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം; പാർലമെന്റിൽ വീണ്ടും ബഹളം, ഇരു സഭകളും നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലും പ്രതിപക്ഷ പ്രതിഷേധം. കോക്രോച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന ‘ചലോ സൻസദ്’ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയിലെ എം.പിമാർ ബുധനാഴ്ച രാവിലെ കറുത്ത വസ്ത്രമണിഞ്ഞ് പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. കൂടാതെ പ്രതിപക്ഷ പാർട്ടികളിലെ എം.പിമാരും പ്രതിഷേധത്തിൽ പങ്കാളികളായി. സമാജ്‍വാദി പാർട്ടി എം.പിമാർ കറുത്ത സ്കാർഫ് ധരിച്ചാണ് സഭയിലെത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമാണ് ഏത് ചർച്ചയും സാധ്യമാകൂവെന്ന് കോൺഗ്രസ് വ്യക്തമാക്കി. ‘ആദ്യം വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. അതിനുശേഷം ചർച്ച നടക്കും. ഇത്രയധികം വിദ്യാർഥികൾക്കെതിരായ ലാത്തിചാർജിന് ശേഷം ഇനി എന്തിനാണ് ചർച്ച? ധർമേന്ദ്ര പ്രധാൻ രാജിവെക്കണം’ കോൺഗ്രസ് എം.പി പവൻഖേര പറഞ്ഞു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ പ്രതിപക്ഷം അപലപിച്ചു. കൂടാതെ നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ, പ്രതിഷേധക്കാർക്കെതിരായ നടപടികൾ എന്നിവ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ഇരുസഭകളും ഉച്ച 12 മണിവരെയാണ് നിർത്തിവെച്ചത്.
അതേസമയം, വിദ്യാർഥികളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്നലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി കടുത്ത വിമർശനവും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

