മാലേഗാവ് സ്ഫോടനക്കേസ് വിധി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട മുംബൈ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ എം.പിമാർ. എൻ.സി.പി(ശരത് പവാർ) എം.പി ഫൗസിയ ഖാൻ, തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ, സമാജ്‍വാദി പാർട്ടി എം.പി അഫ്സൽ അൻസാരി, മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരാണ് വിമർശനം നടത്തിയത്.
‘കൊലയാളിയും ജഡ്ജിയും അവൻ തന്നെ, കോടതിയും അവന്റേത് തന്നെ’ എന്ന ഉർദുകാവ്യ ശകലം ഉദ്ധരിച്ച് പിന്നെന്ത് വിധിയാണ് മാലേഗാവ് കേസിൽ നാം പ്രതീക്ഷിക്കേണ്ടതെന്ന് ഫൗസിയ ഖാൻ ചോദിച്ചു. കോടതിയുടെ വിധികൾ ഇപ്പോൾ ഏതുതരത്തിലാണ് വരുന്നതെന്ന് പരിശോധിച്ചാൽ ഇത്തരം വിധികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് അവർ പറഞ്ഞു. ഒരു പക്ഷേ, ഇത്തരം വിധികൾക്ക് സാങ്കേതികമായ കാരണങ്ങളുമുണ്ടാകാം. എല്ലാറ്റിനും മുകളിൽ ജുഡീഷ്യറിയുണ്ടെന്നാണ് നമ്മൾ ആശ്വാസം കൊള്ളുന്നത്. എന്നാൽ, രാജ്യത്തെ ജുഡീഷ്യറിയിൽ ഇപ്പോൾ നിഷ്പക്ഷത കാണുന്നില്ല.
ഒരു ഹിന്ദു ഒരിക്കലും ഭീകരവാദിയാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച വൈകീട്ട് രാജ്യസഭയിൽ പറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിന് എന്തൊരു യാദൃച്ഛികതയാണെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി സാകേത് ഗോഖലെ പ്രതികരിച്ചു.
ധീരനായ പൊലീസ് ഓഫിസർ ഹേമന്ത് കർക്കരെ അന്വേഷിച്ചുകൊണ്ടിരുന്ന കേസായിരുന്നു മാലേഗാവ് സ്ഫാടനമെന്നും അദ്ദേഹം വെടിയേറ്റു മരിച്ചതിൽ പിന്നെ അന്വേഷണ ഏജൻസിക്ക് കുറ്റം തെളിയിക്കാനായില്ലെന്നും സമാജ്‍വാദി പാർട്ടി എം.പി അഫ്സൽ അൻസാരി പറഞ്ഞു. ആധികാരിമായ തെളിവുകൾ ശേഖരിച്ച് സ്ഫോടനങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുകയായിരുന്നു ഹേമന്ത് കർക്കരെ.
ഇതിനിടയിലാണ് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ ഭീകരരെ നേരിടാൻ ഇറങ്ങിയ അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്. അദ്ദേഹം മരിച്ചതിനുശേഷം തുടർന്ന അന്വേഷണത്തിലാണ് കുറ്റാരോപണം തെളിയിക്കാനാകാതിരുന്നത്. ഭീകരവാദത്തെ ഏതെങ്കിലും മതത്തോട് ചേർത്തുനിർത്തുന്നത് ശരിയല്ല. എന്നാൽ, കുറ്റവാളികളെ അവരുടെ മതം നോക്കി രക്ഷിക്കാനുള്ള ശ്രമം ഇതിനുമുമ്പും നടന്നിട്ടുണ്ടെന്നും അഫ്സൽ അൻസാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

