‘നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്...’; മുസ്‍ലിംകൾ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമർശം വിവാദത്തിൽ
text_fieldsന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്ലിംകൾക്ക് പഞ്ചറൊട്ടിച്ച് ഉപജീവനം നടത്തേണ്ടിവരില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ. അധിക്ഷേപവും വിവേചനവുമായ പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ഹരിയാനയിലെ ഹിസാറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വിവാദ പരാമർശം. മുൻ സർക്കാറുകൾ വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്തെന്നും ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശം. ‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍, മുസ്ലിം യുവാക്കള്‍ക്ക് ഉപജീവനത്തിനായി സൈക്കിള്‍ പഞ്ചറുകൾ ഒട്ടിക്കേണ്ടി വരില്ലായിരുന്നു. ഏതാനും ഭൂമാഫിയകൾക്കാണ് വഖഫ് സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചത്. ഈ മാഫിയ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊള്ളയടിച്ചു’ -ഇതായിരുന്നു മോദിയുടെ വാക്കുകൾ.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വഖഫ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞിരുന്നു. വഹിക്കുന്ന പദവിക്ക് ചേരുന്ന ഭാഷയല്ല രാജ്യത്തിന്‍റെ പ്രധാമന്ത്രി ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയാണ്, അധിക്ഷേപ ട്രോളുകള്‍ക്ക് മുമ്പ് ചിന്തിക്കണം’ -കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേതെ പറഞ്ഞു. ഭരണഘടനാ ശിൽപിയായ ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെയും അവര്‍ ചോദ്യം ചെയ്തു.
എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസദ്ദുദ്ദീൻ ഉവൈസിയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ‘ആര്‍.എസ്.എസ് രാജ്യതാല്‍പര്യത്തിനായി പ്രവർത്തിച്ചിരുന്നെങ്കിൽ, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടി വരില്ലായിരുന്നു’ -ഉവൈസി പരിഹസിച്ചു. സാമൂഹിക മാധ്യമങ്ങളിലെ ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഇംറാൻ പ്രതാപ്ഗര്‍ഹി കുറ്റപ്പെടുത്തി. മുസ്ലിംകൾ ദരിദ്രരും പഞ്ചര്‍ ഒട്ടിക്കുന്നവരുമാണെങ്കില്‍ ഏതെങ്കിലും ഒരു മുസ്ലിമിനെ നിങ്ങൾ എം.എൽ.എയോ, എം.പിയോ, മന്ത്രിയോ ആക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും മതമൗലിക വാദികളെ പ്രീണിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വഖഫ് ഭേദഗതി നിയമത്തിലെ അവരുടെ നിലപാടെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.