സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തില്ല; ചോദ്യം ചെയ്ത് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ത്രമോദി പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം. യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് 'അൺപാർലിമെന്‍ററി' അല്ലേ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
'പാർലമെന്‍റിലെ വരാനിരിക്കുന്ന സമ്മേളനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സർവകക്ഷിയോഗം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി പതിവുപോലെ യോഗത്തിനെത്തിയിട്ടില്ല. ഇത് 'അൺപാർലമെന്‍റ്റി' അല്ലേ?' കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി യോഗത്തിൽ പാർട്ടികളോട് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ചയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. സുപ്രധാന ബില്ലുകൾക്കും ചർച്ചകൾക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പകൾ നടക്കുന്നു എന്നതും ഈ സമ്മേളനത്തിന്‍റെ പ്രധാന്യം വർധിപ്പിക്കുന്നു. വർഷകാല സമ്മേളനം ആഗസ്റ്റ്12വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
ബി.ജെ.പിയുടെ പ്രതിനിധികളായി രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, അർജുൻ മേഘ്‌വാൾ, മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, ജയറാം രമേഷ് എന്നിവരാണ് യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്. ശരദ് പവാർ, സുപ്രിയ സുലെ, സഞ്ജയ് സിങ്, ഹർസിമ്രത് കൗർ തുടങ്ങിയ നേതാക്കളും യോഗത്തിനെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

