വർഷകാല സമ്മേളനം: രണ്ടാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയതോടെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ബഹളത്തെ തുടർന്ന് ഇരുസഭകളും മൂന്നു തവണ വീതം നിർത്തിവെച്ച ശേഷമാണ് കാര്യപരിപാടികളിലേക്ക് കടക്കാതെ പിരിഞ്ഞത്.
പതിനൊന്നു മണിക്ക് ലോക്സഭ ചേർന്നയുടൻ ചോദ്യോത്തര വേള ആരംഭിക്കാൻ സ്പീക്കർ ഓം ബിർള ശ്രമിച്ചെങ്കിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വെക്കുകയായിരുന്നു. കാര്യപരിപാടികളിലേക്ക് കടക്കാൻ സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർഥിച്ചെങ്കിലും ഫലമില്ലാതായതോടെ സഭ ഉച്ചക്ക് 12 മണി വരെ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിഷേധവും ബഹളവും തുടർന്നു.
പ്ലക്കാർഡുകളുമായി നടുത്തളത്തിൽ കൂടിയ അംഗങ്ങൾ നീറ്റ് പരീക്ഷാ വിവാദവും വിദ്യാർഥി പ്രക്ഷോഭവും ഉന്നയിച്ച് മുദ്രാവാക്യം മുഴക്കി. സഭ വീണ്ടും രണ്ടുമണി വരെ നിർത്തിവെച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും സമാനമായ പ്രതിഷേധമാണ് തുടർന്നത്.
രാജ്യസഭയിലും ബഹളം മൂലം പല തവണ നിർത്തിവെച്ചു. സഭാനടപടികളുമായി സഹകരിക്കണമെന്ന് അധ്യക്ഷൻ സി.പി രാധാകൃഷ്ണൻ അംഗങ്ങളോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതിനെ തുടർന്ന് പിരിയുകയും ചെയ്തു.
വിമതരുടെ ഷിൻഡെ പക്ഷ ലയനത്തിന് അംഗീകാരം; ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയിൽ
മുംബൈ: ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിലേക്കുള്ള ആറ് വിമത എം.പിമാരുടെ കൂറുമാറ്റത്തിന് ലോക്സഭ സ്പീക്കർ അംഗീകാരം നൽകിയതിനെതിരെ ഉദ്ധവ് താക്കറെ പക്ഷ ശിവസേന സുപ്രീം കോടതിയിൽ. മുതിർന്ന അഭിഭാഷകൻ ദേവദത്ത്കാമത്ത് മുഖേന ചൊവ്വാഴ്ചയാണ് ഹരജി സമർപ്പിച്ചത്.
പാർലമെന്റ് സമ്മേളനം തുടങ്ങിയത് ചൂണ്ടിക്കാട്ടി ബുധനാഴ്ച അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച സാധ്യത ഇല്ലെന്നും ഉടനെ പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. എന്താണിത്ര തിടുക്കമെന്ന കോടതിയുടെ ചോദ്യത്തിന്, എതിർ പാർട്ടിയിൽ തങ്ങളുടെ എം.പിമാരെ ലയിക്കാൻ അനുവദിച്ചതിലൂടെ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ പാർലമെന്റിലെ തങ്ങളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ഉദ്ധവ് പക്ഷ അഭിഭാഷകൻ മറുപടിനൽകി.
ശനിയാഴ്ച രാത്രിയിലാണ് ആറ് വിമത എം.പിമാരുടെ ലയനത്തിന് സ്പീക്കർ ഓം ബിർള അനുമതി നൽകിയത്. ഇതോടെ ലോക്സഭയിൽ ഷിൻഡെ പക്ഷ ശിവസേനയുടെ അംഗബലം 13ഉം എൻ.ഡി.എയുടെ അംഗബലം 298മായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

