രാഷ്ട്രപതി ഭരണം: വിമർശന മുനമ്പിൽ ബി.ജെ.പി
text_fieldsന്യൂഡൽഹി/ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിൽ ബി.ജെ.പിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. കലാപത്തിൽ തകർന്ന മണിപ്പൂരിലെ രാഷ്ട്രപതി ഭരണം ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാറിന്റെ അങ്ങേയറ്റത്തെ തകർച്ച അടിവരയിടുന്നതാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഭരണകക്ഷിയിലെ തർക്കം തീർക്കാൻ സമയം തേടുകയാണ് ചെയ്തത്. ബി.ജെ.പി ഭരണത്തിൽ രണ്ടുവർഷമായി കലാപം നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ബിരേൻ സിങ്ങാണ് മുഖ്യ കുറ്റവാളി. ബി.ജെ.പിയും ആർ.എസ്.എസും പിന്തുണച്ച അദ്ദേഹത്തിന്റെ പക്ഷപാതിത്വ നിലപാട് കോടതി പരിശോധിക്കുമെന്നായപ്പോഴാണ് രാജിവെക്കാൻ നിർബന്ധിതമായത്. രാഷ്ട്രപതി ഭരണമല്ല പോംവഴിയെന്നും കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി.
സമവായത്തിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബി.ജെ.പി നേതൃത്വം പരാജയപ്പെട്ടതിനാലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെയ്ഷം മേഘ്ചന്ദ്ര ആരോപിച്ചു. കലാപത്തിൽ തകർന്ന മണിപ്പൂരിലെ യഥാർഥ സാഹചര്യം എന്താണെന്ന് അവസാനം ബി.ജെ.പിക്ക് മനസ്സിലാക്കാനായി. ഇനി പ്രധാനമന്ത്രിക്കാണ് എല്ലാ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ വിരുദ്ധം - മെയ്തേയി കൂട്ടായ്മ
ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം നിർഭാഗ്യകരവുമാണെന്ന് മെയ്തേയി സംഘടനകളുടെ കൂട്ടായ്മ. ബി.െജ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോൾ സംസ്ഥാനത്തെ കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനുള്ള തന്ത്രമായിട്ട് മാത്രമേ ഇത് കാണാനാവൂവെന്ന് കോഓഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (സി.ഒ.സി.ഒ.എം.ഐ) വ്യക്തമാക്കി. നിർണായക നിയമസഭ സമ്മേളനം നടക്കാനിരിക്കെ മുഖ്യമന്ത്രിയെ നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. ഇതിന് ജനങ്ങളോട് വിശദീകരണംപോലും നൽകാത്തത് ജനാധിപത്യ മൂല്യങ്ങളെ വഞ്ചിക്കലാണ്. ഈ അധികാര മാറ്റം മണിപ്പൂരിനെയും പ്രത്യേകിച്ച് മെയ്തേയി സമുദായത്തെയും നേരിട്ട് സൈനിക നിയന്ത്രണത്തിലാക്കുന്നതാണ്. മണിപ്പൂരിൽ സായുധസേന പ്രത്യേക അധികാര നിയമവും രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തണമെന്ന കുക്കി തീവ്രവാദികളുടെയും വിഘടനവാദികളുടെയും നിരന്തര ആവശ്യത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ തീരുമാനമെന്നും മെയ്തേയി കൂട്ടായ്മ ആരോപിച്ചു.
സാഹചര്യം വിലയിരുത്താമെന്ന് ബി.ജെ.പി
മണിപ്പൂർ നിയമസഭ മരവിപ്പിച്ച് നിർത്തിയതിനാൽ ഭാവിയിലെ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിക്കാവുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ശ്രമം തുടരുമെന്ന് പാർട്ടിയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര പറഞ്ഞു.നിയമസഭ പിരിച്ചുവിടാത്തതിനാൽ പുതിയ സർക്കാറുണ്ടാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മണിപ്പൂരിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചക്കില്ല.നുഴഞ്ഞുകയറ്റം കർശനമായി തടയുക എന്നതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് പോംവഴിയല്ലെന്ന് ഇറോം ശർമിള
കൊൽക്കത്ത: വംശീയകലാപം നടക്കുന്ന മണിപ്പൂരിൽ രാഷ്ട്രപതിഭരണം പോംവഴിയല്ലെന്നും അത് ജനാധിപത്യ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. സത്യസന്ധമായ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ മാത്രമേ സമാധാനം തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പുതിയ തെരഞ്ഞെടുപ്പ് യഥാർഥ മാറ്റം കൊണ്ടുവരില്ലെന്നും അവർ പറഞ്ഞു.
വ്യവസായ സുഹൃത്തുക്കളിലൂെട പ്രധാനമന്ത്രി നരേന്ദ്ര മോദി അടിസ്ഥാന സൗകര്യ വികസനത്തിന് നിേക്ഷപം കൊണ്ടുവരണം. മെയ്തേയി, നാഗ, കുക്കി സമുദായങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനത്ത് മൂന്ന് മിനി നിയമസഭകൾ രൂപവത്കരിക്കണം. രണ്ടു വർഷമായി മണിപ്പൂർ കത്തുമ്പോൾ കേന്ദ്ര സർക്കാർ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

