Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി സർക്കാറിന് സമ്മർദം മുറുകും; ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ നീക്കത്തിന് ഡി.എം.കെ, ആപ് പിന്തുണ

text_fields
bookmark_border
Opposition Gears Up for Fresh Motion to Remove CEC Gyanesh Kumar; AAP, DMK Back Move
cancel
camera_alt

അരവിന്ദ് കെജ്‌രിവാൾ, കനിമൊഴി കരുണാനിധി

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകൾ മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ (ഇംപീച്ച്‌മെന്റ്) പാർലമെന്റിൽ സംയുക്ത പ്രമേയത്തിന് ഒരുങ്ങി പ്രതിപക്ഷം. 'ഇന്ത്യ' മുന്നണി വിട്ട ആം ആദ്മി പാർട്ടിയും ഡി.എം.കെയും ഉൾപ്പെടെയുള്ള കക്ഷികൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെതിരായ നീക്കത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് ഉടൻ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ പുറത്താക്കാനായി പ്രതിപക്ഷം നടത്തുന്ന മൂന്നാമത്തെ ശ്രമമാണിത്. മാർച്ച് മാസത്തിൽ ഇരുസഭകളിലും പ്രതിപക്ഷം നൽകിയ നോട്ടീസുകൾ സഭാ അധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് ഒൻപത് പ്രധാന കാരണങ്ങൾ അക്കമിട്ടുനിരത്തി ഏപ്രിൽ മാസത്തിൽ രാജ്യസഭയിൽ വീണ്ടും നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടർപട്ടികാ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചുവെന്ന 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിപക്ഷം നീക്കങ്ങൾ ഊർജ്ജിതമാക്കിയത്.

പാർലമെന്റിൽ സമർപ്പിക്കാനുള്ള പുതിയ നോട്ടീസിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നിയമവിദഗ്ദ്ധരുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ഇരുസഭകളിലും ഇത് സമർപ്പിക്കുമെന്നും പ്രതിപക്ഷ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി പ്രതിപക്ഷ നേതാക്കൾ തമ്മിൽ വിപുലമായ ചർച്ചകളാണ് നടക്കുന്നത്. ഞായറാഴ്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ഡെറക് ഒബ്രിയൻ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗുമായും ചർച്ചകൾ നടത്തി. സെപ്റ്റംബർ 17-ന് ഡി.എം.കെ നേതാവ് കനിമൊഴി കൊൽക്കത്തയിലെത്തി തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൽഹി, പഞ്ചാബ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള തർക്കത്തെ തുടർന്ന് 2025 ജൂലൈയിലാണ് എ.എ.പി 'ഇന്ത്യ' സഖ്യം വിട്ടത്. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെയും കോൺഗ്രസ് സഖ്യത്തിൽ നിന്ന് അകന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിലില്ലെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട പോക്കുകൾക്കുമെതിരെ ദേശീയ പ്രതിപക്ഷവുമായി യോജിച്ചുനിൽക്കുമെന്നാണ് ആം ആദ്മി പാർട്ടിയുടെയും ഡി.എം.കെയുടെയും നിലപാട്. നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സംയുക്തമായി കത്തയച്ചതിലും ഇരുപാർട്ടികളും ഒപ്പുവെച്ചിരുന്നു.

അതേസമയം, കമീഷന്റെ തീരുമാനങ്ങൾ കൂട്ടായ ചർച്ചകൾക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്നും ആഭ്യന്തര ചർച്ചകളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition Gears Up for Fresh Motion to Remove CEC Gyanesh Kumar; AAP, DMK Back Move
Next Story