'3,000 റെയ്ഡുകൾ, 23കുറ്റവാളികൾ'; കേന്ദ്ര സർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നെന്ന് എ.എ.പി എം.പി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജ്യസഭയിൽ എ.എ.പി എം.പി സഞ്ജയ് സിങ്. കഴിഞ്ഞ എട്ടുവർഷമായി പ്രതിപക്ഷ നേതാക്കൾക്കെതിരെ 3000 റെയ്ഡുകൾ ഇ.ഡി നടത്തിയെന്നും എന്നാൽ 23പേർ മാത്രമാണ് കുറ്റവാളിയാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
'കഴിഞ്ഞ എട്ടുവർഷമായി ഇ.ഡി പ്രതിപക്ഷനേതാക്കൾക്കെതിരെ 3,000 റെയ്ഡുകൾ നടത്തി. എന്നാൽ കുറ്റക്കാരാണെന്ന് തെളിഞ്ഞത് 23 പേർ മാത്രമാണ്, അതായത് 0.5 ശതമാനം.'സഞ്ജയ് സിങ് പറഞ്ഞു. നീരവ് മോദി 2,000കോടി കള്ളപ്പണം വെളുപ്പിച്ചപ്പോൾ ഇ.ഡി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ ഇ.ഡി 14 മണിക്കൂർ റെയ്ഡ് നടത്തിയെന്നും സഞ്ജയ് സിങ് പറഞ്ഞു. ശിവസേന എം.പി സഞ്ജയ് റാവുത്തിനെതിരായ ഇ.ഡി നടപടിയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സഞ്ജയ് സിങിന്‍റെ ആരോപണങ്ങളെ ബി.ജെ.പി എം.പിമാർ എതിർത്തു.
പ്രതിപക്ഷ പാർട്ടികൾ നയിക്കുന്ന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായി എ.എ.പി നേരത്തെ ആരോപിച്ചിരുന്നു.