വഖഫ് ജെ.പി.സി കാലാവധി നീട്ടാൻ പ്രതിപക്ഷ എം.പിമാർ സ്പീക്കറെ കണ്ടു
text_fieldsന്യൂഡൽഹി: വഖഫ് ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി)യുടെ കാലയളവ് ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് സമിതിയിലെ പ്രതിപക്ഷ എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. നിർണായക വിഷയത്തിൽ സമിതി ചെയർമാൻ തിരക്കിട്ട് നടപടികൾ അടിച്ചേൽപിക്കുകയാണെന്ന് എം.പിമാർ നൽകിയ നിവേദനത്തിൽ പറഞ്ഞു.
സമിതിയുടെ സമയം നീട്ടി നൽകുമെന്ന നിലക്കാണ് സ്പീക്കർ സംസാരിച്ചതെന്നും എത്ര ദിവസത്തേക്ക് നീട്ടുമെന്നറിയില്ലെന്നും സംഘത്തിലുണ്ടായിരുന്ന ജെ.പിസി അംഗം എ. രാജ ‘മാധ്യമ’ത്തോടു പറഞ്ഞു. ഒരു പാർലമെന്ററി സമിതിയുടെയും നടപടിക്രമം പാലിക്കാതെയാണ് സമിതി ചെയർമാൻ ജഗദാംബിക പാൽ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും രാജ പറഞ്ഞു. രാജക്ക് പുറമെ എം. അബ്ദുല്ല(ഡി.എം.കെ), സഞ്ജയ് സിങ് (ആപ്), സയ്യിദ് നസീർ ഹുസൈൻ, മുഹമ്മദ് ജാവേദ്, ഇംറാൻ മസൂദ് (കോൺഗ്രസ്), മുഹീബുല്ല നദ്വി(എസ്.പി), കല്യാൺ ബാനർജി, നദീമുൽ ഹഖ് (തൃണമൂൽ), അസദുദ്ദീൻ ഉവൈസി(എ.ഐ.എം.ഐ.എം) എന്നിവരാണ് സ്പീക്കറെ കണ്ടത്. അതേസമയം സമയം നീട്ടുമോ എന്ന കാര്യമറിയില്ലെന്നും നടപടിക്രമങ്ങൾ പാലിച്ച് 29ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിലക്കാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നും ജെ.പി.സിയിലെ ബി.ജെ.പി അംഗം അപരാജിത ‘മാധ്യമ’ത്തോടു പറഞ്ഞു. ശൈത്യകാല സമ്മേളനത്തിൽ വിവാദ ബിൽ പാസാക്കാനുള്ള തിടുക്കത്തിൽ 29ന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സ്പീക്കർ സമിതി ചെയർമാന് നിർദേശം നൽകിയിരുന്നത്. സമിതിയുടെ കാലാവധി നീട്ടണമെങ്കിൽ അതിന് പാർലമെന്റിന്റെ അനുമതി വേണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്.

