ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യം. ഡസനിലേറെ പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 47 അംഗങ്ങളാണ് ഹരിവംശ്സിങ്ങിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. വിവാദ കാർഷിക ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നതാണ് അവിശ്വാസ പ്രമേയ നോട്ടീസിന് ആധാരം.
അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ തീരുമാനമെടുക്കുന്നതുവരെ രാജ്യസഭാ സമ്മേളനങ്ങളിൽ ഉപാധ്യക്ഷൻ അധ്യക്ഷത വഹിക്കാൻ പാടില്ലെന്നാണ് ചട്ടം. വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും തിരക്കിട്ട് പാസാക്കാനാണ് ഉപാധ്യക്ഷൻ ശ്രമിച്ചതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തി. ബോധപൂർവം സുരക്ഷ ഉദ്യോഗസ്ഥരെ രാജ്യസഭക്കുള്ളിൽ അണിനിരത്തി. പ്രതിപക്ഷാംഗങ്ങൾക്ക് സംസാരിക്കാൻ വേണ്ടത്ര സമയം നൽകിയില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി.
അതേസമയം, സഭാ നടപടികൾ അലങ്കോലപ്പെടുത്തിയതിന് ഏതാനും അംഗങ്ങളെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഭരണപക്ഷം. തൃണമൂൽ കോൺഗ്രസിലെ ഡറിക് ഒബ്രിയൻ, സി.പി.എമ്മിലെ കെ.കെ. രാഗേഷ് തുടങ്ങിയവരെ സമ്മേളനകാലം തീരുംവരെ സസ്പെൻഡ് ചെയ്തേക്കും.