ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷ പാർട്ടികൾ കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരത്തെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു യോഗി.
'ഭാരതം ശ്രേഷ്ഠ ഭാരതമാകുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ് സമരത്തിന് പിന്നില്‍. താങ്ങുവിലയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു, പിന്നെന്തിനാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവർ... അവർ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാമക്ഷേത്രത്തിെൻറ നിർമാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.' -ആദിത്യനാഥ് പറഞ്ഞു.
'കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല. നിങ്ങൾ ഒരു നുണ നൂറുതവണ പറഞ്ഞാൽ അത് സത്യമാകും... കര്‍ഷകരുടെ ജീവിത്തില്‍ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഇന്ത്യൻ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ ആദിത്യനാഥ് പ്രശംസിച്ചു.