രാഷ്ട്രപതി സ്ഥാനാർഥി ചർച്ചക്ക് ഇന്ന് പ്രതിപക്ഷ യോഗം: മമത വിളിച്ച യോഗത്തിലേക്ക് കോൺഗ്രസ്, സി.പി.എം
text_fieldsമമത ബാനർജി
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ നിർത്തുന്നതിന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ച യോഗത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും അടക്കം പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് കോൺഗ്രസിനു പകരം മമതയുടെ നേതൃത്വം ഇതാദ്യമാണ്.
യോഗം വിളിച്ച രീതിയെ തുറന്നെതിർത്തുകൊണ്ടുതന്നെ, പ്രതിപക്ഷ ഐക്യമെന്ന പൊതുലക്ഷ്യത്തിന് സഹകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസും ഇടതുപാർട്ടികളും മമത വിളിച്ച യോഗത്തിലേക്ക് എത്തുന്നത്. എന്നാൽ, ഒന്നാംനിര നേതാക്കൾ പങ്കെടുക്കില്ല; പകരം പ്രതിനിധിയെ അയക്കും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. ശരദ്പവാറിന്റെയും മറ്റും അനുനയത്തിന് വഴങ്ങിയാണ് മമത വിളിച്ച യോഗത്തിലേക്ക് കോൺഗ്രസും സി.പി.എമ്മും എത്തുന്നത്. യോഗം വിളിച്ച രീതിയോട് എതിർപ്പ് അറിയിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മമത ബാനർജിക്ക് തുറന്ന കത്തയച്ചു. പാർട്ടി പ്രതിനിധിയായി എളമരം കരീം എം.പി പങ്കെടുക്കുമെന്നും കത്തിൽ അറിയിച്ചു.
ഇത്തരം യോഗങ്ങൾ പരസ്പര കൂടിയാലോചനയിലൂടെ നിശ്ചയിക്കുന്നതാണ് പതിവുരീതിയെങ്കിലും എല്ലാ കാര്യങ്ങളും സ്വമേധയാ നിശ്ചയിച്ച് അറിയിച്ചത് ശരിയായില്ലെന്ന് കത്തിൽ പറഞ്ഞു. മതേതര-ജനാധിപത്യ സംരക്ഷണത്തിന് പ്രതിപക്ഷം ഒന്നിച്ചുനിൽക്കേണ്ടത് ഇപ്പോഴത്തെ ഘട്ടത്തിൽ നിർണായകമാണെന്ന് പറഞ്ഞുവെച്ചതുകൊണ്ടായില്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചന വേണം. വിവിധ പാർട്ടി നേതാക്കൾക്ക് അതനുസരിച്ച് പരിപാടികൾ പുനഃക്രമീകരിക്കാനുമൊക്കെ അതാവശ്യമാണ്. എന്നാൽ, മൂന്നു ദിവസം മുമ്പു മാത്രം യോഗം നിശ്ചയിച്ച് അറിയിക്കുകയാണ് മമത ചെയ്തതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
രാഷ്ട്രപതി സ്ഥാനാർഥിക്കാര്യത്തിൽ ബുധനാഴ്ച തന്നെ പ്രതിപക്ഷ യോഗം വിളിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടിയാലോചന നടന്നതിനിടയിലാണ് മമത 22 പ്രതിപക്ഷ പാർട്ടി നേതാക്കളെ യോഗത്തിന് ക്ഷണിച്ച് കത്തയച്ചത്. ഇതു ശരിയായില്ലെന്ന വികാരം കോൺഗ്രസും മമതയെ അറിയിച്ചിരുന്നു. അതേസമയം, കോവിഡിനെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിലായതും രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നതും കോൺഗ്രസിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
മമത വിളിക്കുന്ന യോഗത്തിലേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളും എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ദൗത്യത്തിന് മുന്നിലിറങ്ങിയത് ശരദ് പവാറാണ്. അദ്ദേഹത്തിന് വാക്കു നൽകിയ ശേഷമാണ് മമതക്ക് യെച്ചൂരി കത്തയച്ചത്. മമതയും ഇടതു നേതാക്കളായ യെച്ചൂരി, ഡി. രാജ എന്നിവരും ഡൽഹിയിൽ പവാറിനെ വെവ്വേറെ കണ്ടിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സ്വീകാര്യനാണെങ്കിലും, രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ്പവാർ വ്യക്തമാക്കിയിട്ടുണ്ട്. എൻ.സി.പിയെ നയിക്കേണ്ട ഉത്തരവാദിത്തം, തോൽവി സാധ്യതയുള്ള തെരഞ്ഞെടുപ്പ് എന്നീ കാര്യങ്ങളാണ് പവാറിനെ പിന്നാക്കം വലിക്കുന്നത്. ഗുലാംനബി ആസാദിനെ അദ്ദേഹം നിർദേശിച്ചു. എന്നാൽ, കോൺഗ്രസിന് യോജിപ്പില്ലെന്നിരിക്കേ, മറ്റൊരാളെ കണ്ടെത്തേണ്ടി വരും.