പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളൂരുവിൽ പുരോഗമിക്കുന്നു; മമതയും സോണിയയുമെത്തി
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യസാധ്യത തേടി ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം പുരോഗമിക്കുന്നു. ദ്വിദിന യോഗത്തിന്റെ ആദ്യ ദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാർട്ടി നേതാക്കൾ അത്താഴ വിരുന്നൊരുക്കി.
വിരുന്നിന് മുന്നോടിയായി എല്ലാ നേതാക്കളും തമ്മിലുള്ള പ്രാഥമിക ചർച്ചകളും നടന്നു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജെ.ഡി.യു തലവൻ നിതീഷ് കുമാർ, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജമ്മു കശ്മീർ ദേശീയ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ തുടങ്ങി നിരവധി നേതാക്കൾ യോഗത്തിന്റെ മുൻനിരയിലുണ്ട്. 26 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ദേശീയ ക്ഷേമം എന്നീ അജണ്ട ലക്ഷ്യംവെച്ച് സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സ്വേച്ഛാധിപത്യവും ജനവിരുദ്ധവുമായ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

